ഗുരുവായൂര്‍: വീണ്ടും ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് സ്വന്തം കൊണ്ട് വരച്ച ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ചിത്രകാരി ജസ്‌ന സലിം എത്തി. കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം ഇത്തവണ 101 ഉണ്ണിക്കണ്ണന്റെ ചിത്രങ്ങളാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഒന്നരയടി മുതല്‍ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള 101 ചിത്രങ്ങളാണ് ഇന്ന് ഗുരുവായൂരപ്പന് ജെസ്‌ന സമര്‍പ്പിച്ചത്.
അഷ്ടമിരോഹിണിക്കും വിഷുവിനും കഴിഞ്ഞ എട്ട് വര്‍ഷമായി കണ്ണന്റെ ചിത്രങ്ങള്‍ ജസ്‌ന വരച്ച് സമ്മാനിക്കാറുണ്ട്. ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ വരച്ചാണ് ജസ്‌ന സോഷ്യല്‍മീഡിയയിലടക്കം താരമായത്.
‘അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് നാല് മാസമെടുത്താണ് വര പൂര്‍ത്തീകരിച്ചത്. ഗുരുവായൂരിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കുന്നത്. ഈ നിമിഷത്തില്‍ ജീവിതത്തിലെ വലിയൊരു സ്പനമാണ് സാധ്യമായിരിക്കുന്നത്’-ജസ്ന പറഞ്ഞു.
രാവിലെ ഒമ്പതോടെ കിഴക്കേനടയില്‍ എത്തിയാണ് ജസ്‌ന സലിം ചിത്രങ്ങള്‍ സമര്‍പ്പിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കിഴക്കേനടയില്‍ ക്ഷേത്രത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ദേവസ്വം ലേലം ചെയ്യും.
Discussion about this post