വീട്ടിലെ കുട്ടികള്‍ക്കൊപ്പം പന്ത് കളിക്കുന്ന നായയേയും പൂച്ചയേയുമൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആറാം ക്ലാസുകാരനോപ്പം ഫുട്‌ബോള്‍ കളിക്കുന്ന കോഴിയെ കാണുന്നത് ആദ്യമായിരുക്കും. ആലപ്പുഴയിലെ കൈനകിരി എന്ന നാടാണ് അപൂര്‍വ്വമായ ഈ സൗഹൃദത്തിന് വേദിയായത്.
ആലപ്പുഴ കരുമാടി ഹൈസ്‌ക്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയും കൈനകിരി സ്വദേശിയുമായ മിഥുന്‍ ആണ് വീട്ടിലെ കോഴിയുമൊത്ത് ഫുട്‌ബോള്‍ കളിച്ച് നാട്ടിലെ താരമായത്. ഒന്നരവര്‍ഷം മുന്‍പ് വാങ്ങിയ ഗിരിരാജന്‍ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിയാണ് ഇപ്പോള്‍ മിഥുന്റെ ഉറ്റകളിത്തോഴനായി മാറിയത്.
കുട്ടപ്പന്‍ എന്ന് ഓമന പേരിട്ട് വിളിക്കുന്ന കോഴി ആദ്യമൊക്കെ മിഥുന്‍ കളിക്കുമ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നു പതിവ്. പിന്നീട് മിഥുനൊപ്പം കളിക്കാന്‍ കൂടുകയായിരുന്നു. കളിച്ച് ക്ഷീണിക്കുമ്പോള്‍ മിഥുന്‍ കൊടുക്കുന്ന നാരങ്ങാവെള്ളവും കുട്ടപ്പന്‍ അകത്താക്കും. മിഥുന്‍ സൈക്കളില്‍ പുറത്ത് പോകുമ്പോള്‍ കാവലായി പുറകേ പോകുന്ന കുട്ടപ്പന്‍ ഇപ്പോള്‍ വീട്ടിലെ എല്ലാവരുടേയും ഓമനയാണ്.