തിരുവനന്തപുരം: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ലെന്ന് പറഞ്ഞ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍. വനിതാ മതിലില്‍ മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ സമസ്തയ്ക്ക് എന്ത് അര്‍ഹതയെന്ന് കെടി ജലീല്‍ പറഞ്ഞു.
സമസ്തയുടെ നിലപാടിന് പുല്ലുവില മാത്രമാണുള്ളത് . ലീഗ് സ്‌പോണ്‍സേര്‍ഡ് പ്രസ്ഥാനമായി മാറിയ സമസ്തയുടെ വിശ്വാസ്യത തകരുന്നുവെന്നും കെടി ജലീല്‍ പറഞ്ഞു. മതസംഘടനകള്‍ രാഷ്ട്രീയം പറയേണ്ടെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ നേരത്തെ പറഞ്ഞിരുന്നു. സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു.
ഇതിനെതിരെ മന്ത്രി എസി മൊയ്തീനും രംഗത്തെത്തിയിരുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങള്‍ നിച്ഛയിക്കുന്നത് സമസ്ത അല്ലെന്നും ,സ്ത്രീകളെ എല്ലാ കാലത്തും അടിമകള്‍ ആക്കി വയ്ക്കാന്‍ ആകില്ലെന്നും മന്ത്രി എസി മൊയ്തീന്‍ പറഞ്ഞിരുന്നു. നല്ല നിലപാടുകളുടെ കാലത്ത് ചില മതങ്ങള്‍ എങ്കിലും ഇത്തരം തെറ്റായ ആശയങ്ങള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. ഈ ആശയങ്ങള്‍ക്ക് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ആകില്ല എന്നും എസി മൊയ്തീന്‍ പറഞ്ഞിരുന്നു.