ദോഹ: ഖത്തര്‍ ലോകകപ്പിന് ആവേശം കൂട്ടി ഇന്ന് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. ലോകമെമ്പാടും ആരാധകരുള്ള അര്‍ജന്റീനയും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങുകയാണ്.
രാത്രി 8.30ന് നെതര്‍ലന്‍ഡ്സ്- യുഎസ്എ മത്സരമാണ് ആദ്യത്തേത്. തുടര്‍ന്ന് രാത്രി 12.30നാണ് ലയണല്‍ മെസിയും കൂട്ടരും ഓസ്‌ട്രേലിയയെ നേരിടുക. ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടര്‍ കടന്ന അര്‍ജന്റീനയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിലും ഓസീസ് കരുത്തിനെ ഭയക്കണമെന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദിയോട് ആദ്യമത്സരത്തില്‍ പരാജയപ്പെട്ട അര്‍ജന്റീന പിന്നീട് മികച്ച രണ്ട് വിജയങ്ങളുമായാണ് റൗണ്ട് ഓഫ് 16ല്‍ എത്തിയിരിക്കുന്നത്. ഓസ്ട്രേലിയയാകട്ടെ ഫ്രാന്‍സിനോട് തോറ്റെങ്കിലും ടൂണീഷ്യ, ഡെന്‍മാര്‍ക്ക് ടീമുകളെ തോല്‍പ്പിച്ചിരുന്നു.
ഇപ്പോഴിതാ മത്സരത്തിന് മുന്‍പ് നാവു കൊണ്ടുള്ള വെല്ലുവിളി പതിവുപോലെ ഓസ്‌ട്രേലിയ ആരംഭിച്ചിരിക്കുകയാണ്. അര്‍ജന്റീനയെ പേടിക്കുന്നില്ലെന്നാണ് ഓസീസ് കോച്ച് ഗ്രഹാം അര്‍നോള്‍ഡ് പറയുന്നത്. ഇതിന് കാരണമായി ഒളിംപിക്സില്‍ തന്റെ ഓസീസ് ടീം അര്‍ജന്റീനയെ തോല്‍പ്പിച്ചതും നോക്കൗട്ട് റൗണ്ടിലേക്ക് പോകാതെ തടഞ്ഞതും ഉദാഹരണമായി പറയുകയാണ് കോച്ച് അര്‍ണോള്‍ഡ്.
ആ ജയം ഖലീഫ സ്റ്റേഡിയത്തിലും ആവര്‍ത്തിക്കാനാണ് ശ്രമം. ടീം ആത്മവിശ്വാസത്തിലാണ്. അര്‍ജന്റീനയുടെ പാരമ്പര്യമോ, മെസിയടക്കമുള്ള താരങ്ങളുടെ സാന്നിധ്യമോ തന്റെ ടീമിന് പ്രശ്നമല്ല. ഒരു പേടിയും കൂടാതെയാണ് ടീം കളിക്കുകയെന്നും കോച്ച് പറയുന്നു.
പിന്നാലെ, കോച്ചിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഓസ്ട്രേലിയന്‍ താരം മിലോസ് ഡെഗ്നക്കും രംഗത്തെത്തി. മെസി ദൈവമൊന്നുമല്ലെന്ന് മിലോസ് പറയുന്നു. കളിക്കളത്തില്‍ ദൈവമില്ലെന്നും ഇരുപത്തിരണ്ട് താരങ്ങളുടെ പോരാട്ടമാണ് നടക്കുന്നതെന്നും മിലോസ് പറഞ്ഞു.
പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഫ്രാന്‍സ് നാളെ രാത്രി 8.30ന് പോളണ്ടിനെയും ഇംഗ്ലണ്ട് രാത്രി 12.30ന് സെനഗലിനെയും നേരിടും. ജപ്പാന്‍ തിങ്കളാഴ്ച രാത്രി 8.30ന് ക്രൊയേഷ്യക്കെതിരെ കളിക്കും. ബ്രസീല്‍ രാത്രി 12.30ന് സൗത്ത് കൊറിയയെ നേരിടും. ചൊവ്വാഴ്ച സ്പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിസര്‍ലന്‍ഡിനെയും നേരിടുന്നതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിയും.
Discussion about this post