കടുത്തുരുത്തി: സമ്മാനമില്ലെന്ന് കരുതി മാറ്റി വച്ച ടിക്കറ്റിലൂടെ തയ്യല്‍ത്തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചത് പെരുവ മൂര്‍ക്കാട്ടുപടിയിലെ കനില്‍ കുമാറിനാണ്. 80 ലക്ഷം രൂപയുടെ ഭാഗ്യമാണ് കനില്‍ കുമാറിനെ തേടിയെത്തിയത്.
പെരുവ മൂര്‍ക്കാട്ടുപടിയിലെ വിഷ്ണു ടെയ്ലേഴ്‌സ് എന്ന തയ്യല്‍ക്കട നടത്തുകയാണ് കനില്‍ കുമാര്‍. വ്യാഴാഴ്ച ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്റ് കടയില്‍ വന്നപ്പോഴാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കനില്‍ കുമാര്‍ എടുത്തത്. വൈകുന്നേരം ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതി കനില്‍ കുമാര്‍ ലോട്ടറി പോക്കറ്റില്‍ വച്ചിരിക്കുകയായിരുന്നു.
Read Also: കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ അക്രമം: വെട്ടേറ്റ് കൈ അറ്റു; യുവതി ചികിത്സയില്‍
പിന്നീട് കടയ്ക്കുള്ള വായ്പയുടെ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ കടയ്ക്കു സമീപമുള്ള സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്നു വിളിച്ചറിയിച്ചത്.
ശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. മുന്‍പ് 50000, 500, 100 എന്നിങ്ങനെയുളള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ പ്രസന്നയും കനില്‍ കുമാറിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. മകന്‍ വിഷ്ണു പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്. ഞീഴൂര്‍ പാറശേരിയിലാണു വീട്. 7 വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്കു താമസിക്കുകയാണ് കുടുംബം.