ലോകകപ്പില്‍ ആതിഥേയരായ ഖത്തര്‍ സെനഗലിന് മുന്നില്‍ അടിപതറി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരെ സെനഗല്‍ വീഴ്ത്തിയത്. അതേസമയം ഫിഫ ഫുട്ബോള്‍ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടി ഖത്തറും റെക്കോര്‍ഡിട്ടു.
ആദ്യ റൗണ്ട് കടക്കാന്‍ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമായ മത്സരത്തില്‍ ഏഷ്യന്‍ ശക്തിയെ ആഫ്രിക്കന്‍ കരുത്തുകൊണ്ട് കീഴടക്കുകയായിരുന്നു സെനഗല്‍.
41ാം മിനിറ്റില്‍ ഖത്തറിന്റെ ഖല്‍ബ് തകര്‍ത്തുകൊണ്ട് മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സെനഗലിനായി ഫമാറ ഡൈഡ്ഹിയോവു രണ്ടാമത്തെ ഗോളടിച്ചു.
78ാം മിനിറ്റിലാണ് ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. ഫിഫ ഫുട്ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി ലക്ഷ്യംകണ്ടു. സെനഗല്‍ 84-ാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്.
Discussion about this post