ശ്രീനഗര്‍: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാര്‍ഗിലിലാണ് സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മോഡി കാര്‍ഗിലിലെത്തിയത്. ദീപാവലി എന്നത് ഭീകരതയുടെ അന്ത്യം കൂടിയാണെന്നും കാര്‍ഗില്‍ പലതവണ അത് തെളിയിച്ചിട്ടുണ്ടെന്നും സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ജവാന്മാര്‍ തന്റെ കുടുംബാംഗങ്ങളാണെന്നു പറഞ്ഞ മോഡി, അവര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ അവസരം ലഭിച്ചതിലെ സന്തോഷവും പങ്കുവെച്ചു. ഇതിനേക്കാള്‍ മികച്ച ദീപാവലി ആഘോഷം തനിക്ക് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സായുധസേന അതിര്‍ത്തി സംരക്ഷിക്കുന്നതു കൊണ്ടാണ് ഒരോ ഇന്ത്യന്‍ പൗരനും സമാധാനപൂര്‍വം ഉറങ്ങാനാകുന്നത്. സായുധസേനയുടെ ആത്മവീര്യത്തിനു മുന്നില്‍ തല കുനിയ്ക്കുന്നു. നിങ്ങളുടെ ത്യാഗങ്ങള്‍ എല്ലായ്പ്പോഴും രാജ്യത്തിന് അഭിമാനം നല്‍കി, മോഡി പറഞ്ഞു.
2014-ല്‍ ആദ്യ തവണ അധികാരമേറ്റത് മുതല്‍ ദീപാവലി സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ആഘോഷിക്കുന്നത്. 2014-ല്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം. അന്ന് സൈനികരെ തന്റെ കുടുംബം എന്ന് വിശേഷിപ്പിച്ച മോഡി, മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. 2021-ല്‍ ജമ്മു കശ്മീരിലെ രജൗരിയിലായിരുന്നു മോഡി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്.
Discussion about this post