ഗവര്‍ണര്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്; അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി; പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രിംകോടതി വിധി അന്തിമമാണെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് എതിരെ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. സുപ്രിം കോടതി വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനത്ത് ഇരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരുമാണ്. മന്ത്രിമാര്‍ ഭരണത്തലവനെ അവഹേളിക്കുകയാണ്. ചാന്‍സലറുടെ അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രിയാണെന്നാണ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നത്.

also read- ഗവര്‍ണറുടെ അന്ത്യശാസനം തള്ളി; രാജിവെയ്ക്കാതെ വിസിമാര്‍; ഹൈക്കോടതിയില്‍ ഹര്‍ജി

ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളില്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നത് വെല്ലുവിളിയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version