ഇലന്തൂര്‍: കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളായ ഭഗവല്‍ സിംഗിനെയും മുഹമ്മദ് ഷാഫിയെയും കൊണ്ട് വന്ന് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ ഏതാനും ലക്ഷ്യങ്ങളുണ്ടായിരുന്നു. പ്രധാനലക്ഷ്യം എന്നത് ഫോറന്‍സിക് വിദഗ്ദ്ധര്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എന്നിവരുടെ മുന്നില്‍ വച്ച് പ്രതികളെക്കൊണ്ട് കൊലപാതകം നടത്തിയ രീതി ഒരിക്കല്‍ കൂടി പറയിപ്പിക്കുക എന്നതായിരുന്നു.
നേരത്തെ നല്‍കിയ മൊഴികളിലെ സംശയങ്ങള്‍ നീക്കാന്‍ ഭഗവല്‍സിംഗിനെയും മുഹമ്മദ് ഷാഫിയെയും ഒരുമിച്ച് കൊലപാതകം നടത്തിയ മുറയില്‍ എത്തിച്ചു. ഡമ്മിയും എത്തിച്ചിരുന്നു. അതിനിടെ റോസ്ലിയെ കൊല്ലുന്നതിന് മുന്‍പ് കൈകാലുകള്‍ കെട്ടിയിട്ട കയര്‍ കത്തിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
also read: റമ്മി കളിച്ച് 30 ലക്ഷം രൂപയുടെ ബാധ്യത, പോലീസുകാരന്‍ സ്വര്‍ണക്കള്ളനായത് ഇങ്ങനെ
രണ്ടാമത്തെ കാര്യം എന്നത് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്നതായിരുന്നു . ഭഗവല്‍ സിംഗിന്റെ വീടിന് പിന്നിലെ അലക്കുകല്ലിന് സമീപമാണ് കയര്‍ കത്തിച്ച് മണ്ണിട്ട് മൂടിയത്. കഴിഞ്ഞ ദിവസം ഇത്ചികഞ്ഞെടുത്തു. പദ്മയെ കൊലപ്പെടുത്തി വെട്ടി തുണ്ടങ്ങളാക്കി കുഴിച്ചിട്ട ഭാഗത്ത് നിന്ന് ആദ്യ തെളിവെടുപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, പദ്മയുടെ വാരിയെല്ലിന്റെ ഭാഗങ്ങള്‍ കൂടി കിട്ടാനുണ്ടായിരുന്നു. ഇതിനായി ഫോറന്‍സിക് വിദഗ്ദ്ധര്‍ കുഴിയില്‍ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ഭഗവല്‍ സിംഗിന്റെ തിരുമ്മുശാലയ്ക്കും വീടിനും ഇടയ്ക്ക് കിണറിനും അതിനോട് ചേര്‍ന്ന കുളിമുറി,ടോയ്‌ലറ്റ് എന്നിവിയ്ക്കും പിന്നിലായി ഒരു സെപ്ടിക് ടാങ്കുണ്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ ഉണ്ടാകുമോ എന്ന സംശയത്താല്‍ ഈ ഭാഗത്തെ മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.കേസില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post