തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉറൂബിനെ സസ്പെന്‍ഡ് ചെയ്തു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കോടിയേരി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി.
കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ഉറൂബിന്റെ അധിക്ഷേപം. തുടര്‍ന്ന് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.
അതേസമയം കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനം തലശേരി ടൗണ്‍ഹാളില്‍ തുടരുകയാണ്. പ്രിയസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ടൗണ്‍ഹാളിലേക്കെത്തുന്നത്. മൃതദേഹം ഇന്ന് മുഴുവന്‍ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ മൂന്ന് മണിയോടെ പയ്യാമ്പലത്താണ് സംസ്‌കാരം.
വിലാപയാത്ര കടന്നു വന്ന 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടിച്ചിടും.
കോടിയേരിക്ക് ആദരമര്‍പ്പിക്കാനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു.