കൊച്ചി: മോഡലിംഗ് രംഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് എത്തി ശ്രദ്ധേയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. 2014-ല്‍ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന സിനിമയിലൂടെയാണ് തുടക്കമിട്ടത്.
തന്റെ അച്ഛന്റെ മരണവാര്‍ത്തയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കിയെന്നും പറഞ്ഞാണ് താരത്തിന്റെ കുറിപ്പ്. എനിക്ക് എന്റെ സ്വന്തം സൂപ്പര്‍ ഹീറോയെ കിട്ടിയെന്ന് പറഞ്ഞാണ് മറീനയുടെ പോസ്റ്റ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് ശരീരം വിട്ടുനല്‍കിയിരിക്കുകയാണ്.
‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസമാണ്. എന്റെ പ്രിയപ്പെട്ട പപ്പ തന്റെ ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. എനിക്ക് എന്റെ സ്വന്തം ഒരു സൂപ്പര്‍ ഹീറോയെ കിട്ടി, അദ്ദേഹത്തിന്റെ പേര് മൈക്കിള്‍ കുരിശിങ്കല്‍’, അച്ഛന്റെ ശരീരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറിയ സാക്ഷ്യ പത്രം പങ്കുവെച്ച് മറീന ഇന്‍സ്റ്റയില്‍ കുറിച്ചു.
ആഗസ്റ്റ് 2, വെള്ളിയാഴ്ചയായിരുന്നു മറീനയുടെ പിതാവ് മൈക്കിളിന്റെ മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ പിതൃദിനത്തില്‍ ആശുപത്രി കിടക്കയില്‍ കഴിയുന്ന അച്ഛന്റെ ചിത്രം മറീന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളില്‍ മറീന ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ പറത്തി ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത് ശ്രദ്ധ നേടി.