കോഴിക്കോട്: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഇനി മുതൽ അമ്മയായി പ്രതിഭയുണ്ടാവും. ലിനിയുടെ ഭർത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയിൽ വച്ച് നടന്നു.
വടകര ലോകനാർക്കാവ് ക്ഷേത്രത്തിൽ വെച്ച് ആണ് വിവാഹച്ചടങ്ങ് നടന്നത്. ലിനിയുടെ മക്കളായ ഋതുൽ, സിദ്ധാർഥ് പ്രതിഭയുടെ മകളുായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉൾപ്പെടെ മൂന്നു കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്.
ലിനിയുടെ മരണ ശേഷം മക്കളായ ഋതുൽ, സിദ്ധാർഥ് എന്നിവർക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചിരുന്നത്. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സർക്കാർ ജോലി നൽകിയിരുന്നു. ഇപ്പോൾ പന്നിക്കോട്ടൂർ പിഎച്ച്സിയിൽ ക്ലർക്കാണ്. പ്രതിഭയ്ക്ക് പ്ലസ് വൺ വിദ്യാർഥിയായ മകളുണ്ട്. അധ്യാപികയായി ജോലി ചെയ്യുകയാണ് പ്രതിഭ.
സജീഷ് തന്നെയാണ് വിവഹാക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പിന്നാലെ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ഷൈലജ സജീഷിനും കുടുംബത്തിനും ആശംസകൾ നേർന്നിരുന്നു.
മലയാളികൾ ഏറെ സ്നേഹത്തോടെ ഓർക്കുന്ന പേരാണ് സിസ്റ്റർ ലിനി. ലിനി വിടവാങ്ങിയിട്ട് നാല് വർഷം കഴിഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്സായിരുന്ന ലിനി മരണപ്പെടുന്നത്.