മരത്തില്‍ കെട്ടിയ കയര്‍ കഴുത്തിലും വരിഞ്ഞു ചുറ്റി ആത്മഹത്യാ ഭീഷണി മുഴക്കി ബിജെപി പ്രവര്‍ത്തകന്‍! ആവശ്യം നിരാഹാര സമരം പരിഹാരം കണ്ട് അവസാനിപ്പിക്കാന്‍, നാട് മുള്‍മുനയില്‍

12 ദിവസമായി ബിജെപി പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും സമരത്തിലാണ്.

പെരിനാട്: മരത്തില്‍ കയര്‍ കെട്ടി അത് കഴുത്തിലും വരിഞ്ഞു ചുറ്റി ചാടുമെന്ന് ഭീഷണി മുഴക്കി ബിജെപി പ്രവര്‍ത്തകന്‍. പെരിനാട് പഞ്ചായത്തിനു മുന്നില്‍ നടത്തിവന്ന നിരാഹാരസമരം പരിഹാരം കണ്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സാഹസം. മണിക്കൂറുകള്‍ നീണ്ട ഉദ്വേഗത്തിനിടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. പെരിനാട് പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ രാവിലെയോടെയാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

12 ദിവസമായി ബിജെപി പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും സമരത്തിലാണ്. പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പ്രവര്‍ത്തകര്‍ ആദ്യം പഞ്ചായത്ത് ഓഫീസിലേക്കു പ്രതിഷേധവുമായെത്തി. ഇതിനിടെ ബിജെപി പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് സാജു പഞ്ചായത്ത് ഓഫീസിനു മുന്നിലെ മാവില്‍ കയറി കഴുത്തില്‍ കയര്‍ കെട്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

പ്രവര്‍ത്തകരും നേതാക്കളും പോലീസും അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും സാജു ഒന്നിനും വഴങ്ങിയില്ല. കുണ്ടറയില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് മരത്തിനു മുകളില്‍ കയറിയ സാജുവിനെ പണിപ്പെട്ട് താഴെയിറക്കിയത്. വെസ്റ്റ് സിഐ വിഎസ്ബിജുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Exit mobile version