തിരുവനന്തപുരം: കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാസ്ഥയുണ്ടായെന്ന ആരോപണത്തിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു. വൃക്ക മാറ്റിവെച്ച 54കാരനാണ് മരിച്ചത്. അവയവം കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയെന്നാണ് ആശുപത്രിക്ക് നേരെ ഉയർന്നിരിക്കുന്ന പരാതി. പിന്നാലെയാണ് വൃക്ക മാറ്റിവെച്ച രോഗി മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ വൃക്ക എത്തിച്ചിരുന്നു.
കൊച്ചിയിൽ നിന്നും പ്രത്യേക സംവിധാനങ്ങളോടെ തിരുവനന്തപുരത്ത് അവയവം എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടാവുകയായിരുന്നു.
വൃക്ക കൃത്യം അഞ്ചരയോടെ മെഡിക്കൽ കോളജിൽ എത്തിച്ചെന്നും എന്നാൽ രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിനും വൈകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അവയവവുമായി കളമശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കിൽ ഈ കാലതാമസം ഒഴിവാക്കാമായിരുന്നു എന്നാണ് വിവരം.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ വഴി നടക്കുന്ന മരണാനന്തര അവയവദാനത്തിലൂടെയാണ് രോഗിക്ക് അനുയോജ്യമായ വൃക്ക ലഭിച്ചത്.
അതേസമയം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും ഇതിനുവന്ന താമസമാണ് ശസ്ത്രക്രിയ വൈകാൻ ഇടയായതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നിർദേശാനുസരണം പ്രാഥമിക അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.