റായ്പുർ: 104 മണിക്കൂർ കുഴൽക്കിണറിനുള്ളിൽ 80 അടി താഴ്ചയെ ധീരതയോടെ നേരിട്ട മാനസികവെല്ലുവിളി നേരിടുന്ന കുട്ടി ഒടുവിൽ പുറത്തേക്ക്. പാമ്പും തേളും തവളയും ഉൾപ്പടെയുള്ള മനോധൈര്യം തകർക്കുന്ന ഒട്ടേറെ പ്രതിസന്ധികളെയാണ് രാഹുൽ സാഹു എന്ന പതിനൊന്നുകാരൻ അതിജീവിച്ചത്. രാഹുൽ ഇപ്പോൾ ബിലാസ്പുർ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
അഞ്ഞൂറിലേറെപ്പേർ രാവും പകലുമായി നിർത്താതെ നടത്തിയ രക്ഷാപ്രവർത്തനം സഫലമായത് സർക്കാരിനും വലിയ ആശ്വാസമായി. അഞ്ച് ദിവസത്തെ അതിജീവനത്തിന് ഒടുവിൽ രാഹുൽ പുറത്തുകടന്നപ്പോൾ ഛത്തീസ്ഗഢ് ജനതയ്ക്ക് തന്നെ ആശ്വാസമായി. ”നമ്മുടെ കുട്ടി ധീരനാണ്”- എന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ ട്വീറ്റു ചെയ്തത്.
ജാംജ്ഗീർ ചമ്പ പിഹ്‌റിദ് ഗ്രാമത്തിൽ വീടിനു പുറകിലെ ഉപയോഗശൂന്യമായ കുഴൽക്കിണറിലാണ് മാനസികവെല്ലുവിളി നേരിടുന്ന രാഹുൽ കളിക്കുന്നതിനിടെ വീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. കുഴൽക്കിണറിന് അകത്ത് നിന്ന് ഞരക്കവും ശബ്ദവും കേട്ടതോടെ രക്ഷിക്കാൻ വേണ്ടി സഹായം അഭ്യർത്ഥിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തി. പിന്നാലെ സംസ്ഥാനസർക്കാർ നേരിട്ട് ഇടപെട്ട് ദേശീയ ദുരന്തപ്രതികരണസേനയിലെയും (എൻഡിആർഎഫ്) കരസേനയിലെയും മുന്നൂറിലേറെ അംഗങ്ങൾ അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി.
ഇതിനായി 150 പോലീസുകാരും സംസ്ഥാന ദുരന്തപ്രതികരണസേനയും സഹായത്തിനെത്തി. റോബോട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയായിരുന്നു രക്ഷാപ്രവർത്തനം. ഇതിനായി ഗുജറാത്തിൽനിന്ന് വിദഗ്ധരുടെ സംഘം തന്നെ ജാംജ്ഗീറിലെത്തി. കുഴലിലിറക്കിയ ക്യാമറയിലൂടെ കുട്ടിയുടെ ആരോഗ്യം തുടർച്ചയായി വിലയിരുത്തി. കുട്ടിക്ക് ലഘുപാനീയവും പഴവും പഴച്ചാറുമൊക്കെ നൽകി. പൈപ്പിട്ട് കുഴൽക്കിണറിലേക്ക് ഓക്‌സിജൻ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കുഴൽക്കിണറിന് സമാന്തരമായി 70 അടി താഴ്ചയിൽ മറ്റൊരു കുഴൽക്കിണർ നിർമിച്ചായിരുന്നു പ്രവർത്തനം. അതിൽനിന്ന് കുട്ടിയുടെ അടുത്തേക്ക് 15 അടി നീളത്തിൽ തുരങ്കമുണ്ടാക്കി. ഈ തുരങ്കത്തിലൂടെ രക്ഷപ്പെടുത്താനുള്ള കഠിനപരിശ്രമമാണ് ചൊവ്വാഴ്ച അർധരാത്രിയോടെ വിജയംകണ്ടത്. പ്രതിസന്ധിയിൽ പതറാത്ത മനസ്സാണ് കുഴൽക്കിണറിനുള്ളിലും മകന് തുണയായതെന്ന് അച്ഛൻ രാംകുമാർ സാഹു പറഞ്ഞു.
രാഹുൽ സാഹു മാനസികവെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഉത്സാഹത്തോടെയാണ് എല്ലാകാര്യങ്ങളും ചെയ്യുക. സൈക്കിൾ ഓടിക്കാനും നീന്താനും തബല വായിക്കാനും എല്ലാം മിടുക്കനാണ്.
അതേസമയം, രക്ഷാപ്രവർത്തനങ്ങളിൽ വൻവെല്ലുവിളിയാണ് നേരിട്ടതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പറഞ്ഞു. എന്നാൽ അഞ്ഞൂറിലേറെ വരുന്ന രക്ഷാപ്രവർത്തകരുടെ ആത്മസമർപ്പണവും കുട്ടിയുടെ അതിജീവനത്തിനായുള്ള മനോവീര്യവും പ്രതിസന്ധി മറികടക്കാൻ സഹായിച്ചെന്ന് അദ്ദേഹം അഭിനന്ദിച്ചു.
Discussion about this post