ചേർത്തല: മാനസികാസ്വാസ്ഥ്യമുള്ള നവവധു ഭർതൃവീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായി അയൽക്കാരുടെ മൊഴി. നവവധു ഹെനയുടെ കരച്ചിൽ മിക്ക ദിവസങ്ങളിലും കേട്ടിരുന്നതായി അയൽക്കാർ പറഞ്ഞു. ഭർത്താവ് അപ്പുക്കുട്ടനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു അയൽക്കാർ ഇക്കാര്യം പോലീസിനെ അറിയിച്ചത്.
ബൈപൊളർ ഡിസോർഡർ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹെനക്ക് ഭർത്താവ് അലോപതി മരുന്നു നിഷേധിച്ചെന്ന് ബന്ധുക്കളും പറയുന്നു. ഈ സാഹചര്യത്തിൽ അയൽക്കാരുടെ വിശദമായ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
ഭർത്താവ് അപ്പുക്കുട്ടൻ നിരന്തരം മർദ്ദിച്ചിരുന്നതായി ഹെന പറഞ്ഞിരുന്നെന്ന് അച്ഛൻ പ്രേംകുമാർ വെളിപ്പെടുത്തി. ആദ്യമൊന്നും അപ്പുക്കുട്ടൻ സ്ത്രീധനം ആവശ്യപെട്ടിരുന്നില്ല. എന്നാൽ ക്രമേണ ചോദിക്കാൻ തുടങ്ങി. ഏഴുലക്ഷം രൂപ നൽകണമെന്ന് നേരിട്ട് ആവശ്യപ്പെട്ടെന്നും ഫോണിൽ സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.
കഴിഞ്ഞമാസം 26 നാണ് ഹെനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ വീണെന്നായിരുന്നു ഭർതൃ വീട്ടുകാർ പോലീസിനോട് പറഞ്ഞത്. കൊല്ലം സ്വദേശിനിയാണ് ഹെന (42) . ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടൻ (50) കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
26ന് പകൽ 11.30ന് കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് ഭർത്താവ് ഹെനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാൽ പോലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തി കൊല്ലത്തെ വീട്ടിൽ സംസ്‌കാരം നടത്തിയിരുന്നു.
എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് സിഐ ബി വിനോദ് കുമാർ പറഞ്ഞു. തലയ്ക്ക് പരുക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.
6 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹെനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാർ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. ഹെനയെ വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.
Discussion about this post