വഴിപിരിഞ്ഞവർ മക്കൾക്കായി പത്ത് ദിവസം ഒന്നിച്ചു; വിനോദയാത്ര മരണത്തിലേക്കുള്ള യാത്രയായി; കണ്ണീരായി അശോകും വൈഭവിയും മക്കളും

മുംബൈ: വിവാഹബന്ധം വേർപെടുത്തി വഴിപിരിഞ്ഞവരുടെ ഒന്നിച്ചുള്ള യാത്ര ണരണത്തിലേക്കായി. കോടതിയുടെ വിധി മാനിച്ച് മക്കൾക്കായി വർഷത്തിലൊരിക്കൽ പത്തുദിവസം ഒരുമിച്ച് ചെലവഴിക്കാൻ ഇറങ്ങിത്തിരിച്ചവരെയാണ് വിധി കവർന്നത്.

മുംബൈ, താണെയിൽ താമസിച്ചിരുന്ന വൈഭവി ബണ്ഡേക്കർ ത്രിപാഠി (51), മുൻ ഭർത്താവ് അശോക് കുമാർ ത്രിപാഠി (54), മകൻ ധനുഷ് ത്രിപാഠി (22), മകൾ റിതിക ത്രിപാഠി (15) എന്നിവരാണ് നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ മരിച്ചത്.

ഒഡിഷക്കാരനായ അശോക് കുമാറും വൈഭവിയും വിവാഹമോചിതരാണ്. മക്കൾ അമ്മയോടൊപ്പം താണെയിലായിരുന്നു താമസം. വർഷത്തിൽ 10 ദിവസം മക്കൾക്കുവേണ്ടി ഒന്നിക്കണമെന്ന കോടതിയുടെ വിവാഹമോചന സമയത്തെ നിബന്ധന ഉണ്ടായിരുന്നതിനാൽ എല്ലാവർഷവും ഒന്നിക്കാറുണ്ടായിരുന്നു.

ഇത്തവണ ഒന്നിച്ചവർ നേപ്പാളിലേക്ക് വിനോദസഞ്ചാരമാണ് തിരഞ്ഞെടുത്തത്. വൈഭവി മുംബൈയിലും അശോക് ഒഡിഷയിലും സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. രോഗിയായ അമ്മയെ സഹോദരിയെ ഏൽപിച്ചാണ് വൈഭവി യാത്രപോയത്. അമ്മയെ വിവരമറിയിക്കരുതെന്ന അപേക്ഷയായിരുന്നു, ദുരന്തം അറിയിച്ച മുംബൈ പോലീസിനോട് സഹോദരി ആവശ്യപ്പെട്ടത്.

വൈഭവിയുടെ ഡ്രൈവർ ആശിഷ് സാവന്താണ് രണ്ടു ദിവസം മുമ്പ് കുടുംബത്തെ മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. ഈ യാത്ര അവസാനത്തേതാകുമെന്ന് കരുതിയില്ലെന്നും ആശിഷും കണ്ണീരോടെ പറയുന്നു.

also read- ഒന്നാം സമ്മാനം നേടിയ വിഷു ബംബർ ടിക്കറ്റ് അധികൃതർ സ്വീകരിച്ചില്ല; നാട്ടിലേക്ക് മടങ്ങി ഡോ പ്രദീപ് കുമാറും രമേശനും

നേപ്പാളിൽ നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പറന്നുയർന്നതിന് പിന്നാലെ 12ാം മിനിറ്റിൽ തകർന്നുവീണ വിമാനത്തിലെ 20 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആരും രക്ഷപ്പെട്ടതായി കരുതുന്നില്ലെന്നും അവശേഷിക്കുന്ന മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നേപ്പാൾ സൈനിക അധികൃതർ പറഞ്ഞു. ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസമിലേക്ക് ഞായറാഴ്ച രാവിലെ 9.55ന് പറന്നുയർന്ന താര എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

Exit mobile version