ദുബായ്: ഒട്ടേറെ പ്രവാസികളുടെ സ്വപ്‌നമായ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ടാം തവണയും ഒന്നാം സമ്മാനം നേടി മലയാളി പ്രവാസി. ശ്രീ സുനിൽ ശ്രീധരനാണ് പ്രവാസികളെ മുഴുവൻ അസൂയപ്പെടുത്തി വീണ്ടും ഭാഗ്യവാനായിരിക്കുന്നത്. 20 വർഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് സുനിൽ.
അബുദാബിയിലെ ഒരു കമ്പനിയിൽ എസ്റ്റിമേഷൻ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ ദുബായിയിൽ സ്വന്തമായി ഓൺലൈൻ ട്രേഡിങ് കമ്പനി നടത്തുകയാണ്.
ഒരു ദശലക്ഷം യുഎസ് ഡോളർ, ഏതാണ്ട് ഏഴു കോടി 70 ലക്ഷത്തിലേറെ രൂപയാണ് സുനിലിന് ഇത്തവണയും സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഏപ്രിൽ പത്തിന് ഓൺലൈൻ വഴിയെടുത്ത 1938 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സുനിലിന് ഇത്തവണ ഭാഗ്യം കൊണ്ടുവന്നത്.
55കാരനായ സുനിലിന് ഇതിനു മുൻപ് 2019 സെപ്റ്റംബറിലും ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചിരുന്നു. പിന്നാലെ തന്നെ 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്കു രണ്ടു വട്ടം ഒന്നാം സമ്മാനം ലഭിക്കുന്നത്.
‘രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളർ നേടി വിജയി ആകാൻ സാധിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. ക്ഷമയോടെ എല്ലാവരും ഇതിൽ പങ്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അതിന്റെ തെളിവാണ് ഞാൻ’- സുനിൽ ശ്രീധരന്റെ പ്രതികരണം ഇങ്ങനെ.