കൊച്ചി: രാജ്യത്തെ ഇന്ധന വിലവർധനവ് കാരണം ജീവിതം പ്രതിസന്ധിയിലായതോടെ ബൈക്ക് തള്ളി പ്രതിഷേധിച്ച് യുവാവ്. 23-കാരനായ നിയാസാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ ബൈക്ക് തള്ളി ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇലക്ട്രോണിക്സിൽ ഡിപ്ലോമയുള്ള നിയാസ്, കോട്ടയം സ്വദേശിയാണ്. കുറച്ചുകാലം എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലിനോക്കിയിരുന്നു.
ഇതിനിടെയാണ് ഏപ്രിൽ 18-ന് കാസകോട് നീലേശ്വരത്തു നിന്ന് പ്രതിഷേധയാത്ര ആരംഭിച്ചത്. യാത്രയുടെ 23-ാം ദിവസമാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ഇതിനോടകം 312 കിലോമീറ്ററിലധികം ബൈക്ക് തള്ളി.
നിയാസ് രാവിലെ ആറിന് ബൈക്ക് തള്ളാൻ തുടങ്ങിയാൽ വൈകീട്ടോടെ മാത്രമെ അവസാനിപ്പിക്കൂ. ഒരു ദിവസം 35 കിലോമീറ്ററോളം ഇത്തരത്തിൽ യാത്ര തുടരും. വൈകീട്ട് ആരെങ്കിലും താമസസൗകര്യം നൽകിയാൽ അവിടെ തങ്ങുന്നതാണ് പതിവെന്നും അല്ലെങ്കിൽ കൈയിലുള്ള ടെന്റ് പാതയോരത്ത് കെട്ടി അന്തിയുറങ്ങുമെന്നും നിയാസ് പറയുന്നു.
യാത്ര തുടങ്ങി പതിനഞ്ച് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നതെന്ന് നിയാസ് പറഞ്ഞു. സൗകര്യം ലഭിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയെ കാണണമെന്നും ഇദ്ദേഹത്തിന് ആഗ്രഹമുണ്ട്. വിവിധയിടങ്ങളിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ ഒട്ടേറെയാളുകൾ ഐക്യദാർഢ്യം അറിയിച്ചതായും നിയാസ് പറഞ്ഞു.
Discussion about this post