മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെ നടി രേവതി രംഗത്ത്. താരസംഘടനയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നാണ് അവസ്ഥയെന്ന് രേവതി സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
‘താരസംഘടനയിൽ ഞാനിപ്പോഴും അംഗമാണ്. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കു’മെന്നും അവർ പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്ന് തന്നെയാണ് ഡബ്ല്യുസിസി ആവശ്യപ്പെടുന്നത്. ഇതിൽ ഒരു മാറ്റവുമില്ല. റിപ്പോർട്ടിൽ സ്വകാര്യമായ പല പരാമർശങ്ങളുമുണ്ടാവാം. ഒരു സ്റ്റഡി മറ്റീരിയൽ എന്ന രീതിയിൽ വേണം പുറത്തുവിടാൻ. അപ്പോഴേ എന്താണ് പ്രശ്‌നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താനുമാവൂ എന്നും രേവതി ചർച്ചയിക്കിടെ പറഞ്ഞു.
തനിക്ക് പൊളിറ്റിക്കലായി ചിന്തിക്കാനറിയില്ല. റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതടക്കമുള്ള കാര്യങ്ങളുടെ പിന്നിൽ എന്താണെന്ന് അറിയില്ല. സിനിമ പോലൊരു മേഖലയിൽ ഇതുപോലൊരു പഠനം സർക്കാർ കൊണ്ടുവന്നത് ഒരു നാഴികക്കല്ലാണ്. ഇങ്ങനെയൊരു പഠനം വേറെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട പഠനരേഖയാണത്. അതിന് എന്തിനാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാവുന്നതെന്ന് മനസിലാവുന്നില്ലെന്നും രേവതി പ്രതികരിച്ചു.