ആലപ്പുഴ: ഈ ഒറ്റമുറി വീട്ടിലേക്ക് വെളിച്ചവും പ്രകാശവുമായി എത്തിയിരിക്കുകയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഷണ്മുഖനും കുടുംബവും താമസിക്കുന്ന അരൂർ പഞ്ചായത്ത് ആറാം വാർഡിൽ പുത്തൻവീട് എന്ന ഒറ്റമുറിക്കുടിലിലേക്ക് ഭാഗ്യദേവത എത്തിയത് നാട്ടുകാർക്കും ഏറെ സന്തോഷമാവുകയാണ്.
ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ഷണ്മുഖൻ എടുത്ത ലോട്ടറിക്കാണ്. പ്ലാസ്റ്റിക് ഷീട്ട് കെട്ടി മുകളിൽ ഓടുമേഞ്ഞ കുടിലിലാണ് ഷൺമുഖനും ഭാര്യ റീത്തയും ഇവരുടെ ആൺമക്കളായ വൈശാഖും വിഷ്ണുവും മരുമകളും കഴിയുന്നത്.
അരൂരിലെ ലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്നും ഷൺമുഖൻ അഞ്ച് ടിക്കറ്റുകൾ എടുത്തിരുന്നു. ഒന്നാം സമ്മാനത്തിന് പുറമെ ബാക്കി നാല് ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ വീതവും അടിച്ചിട്ടുണ്ട്.
13 വർഷങ്ങൾക്ക് മുൻപ് ഷണ്മുഖന്റെ മകൻ വൈശാഖ് പത്താംക്ലാസിൽ പഠിക്കുന്ന കാലത്താണ് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്ന് എസ്എസ്എൽസി പരീക്ഷ കാലത്തു പോലും ഇവരുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. വെളിച്ചമില്ലാതെ പരീക്ഷക്ക് പഠിക്കില്ലെന്ന് വൈശാഖ് വാശിപിടിച്ചു. സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പഞ്ചായത്ത് വീട്ട് നമ്പർ ഇടാൻ കൂട്ടാക്കിയില്ല. ഇതോടെ വൈദ്യുതി കണക്ഷൻ ലഭിക്കില്ലെന്ന് പറഞ്ഞ് വൈദ്യുതി അധികൃതരും അപേക്ഷ നിരസിച്ചു.
മെകന്റെ പഠനത്തെക്കുറിച്ച് മാത്രം ചിന്തിച്ച ഷണ്മുഖന്റെ ഭാര്യ റീത്ത അരൂർ പഞ്ചായത്ത് അധികാരികളുടെ മുന്നിൽ മണ്ണെണ്ണയുമായെത്തി ആത്മഹത്യക്ക് ഒരുങ്ങി. വിവരമറിഞ്ഞ ആലപ്പുഴ കളക്ടർ വൈദ്യുതി കണക്ഷൻ നൽകാൻ ചേർത്തല തഹസിൽദാർക്ക് ഉത്തരവു നൽകി. ഇന്ന് പഠനമൊക്കെ പൂർത്തിയാക്കി വൈശാഖും വൈഷ്ണവും ജോലിക്കായി കാത്തുനിൽക്കുകയാണ്. ഇതിനിടെയാണ് ഭാഗ്യദേവത ഒന്നാം സമ്മാനവുമായി വീട്ടിലേക്ക് എത്തിയത്.
Discussion about this post