കന്നഡ ഫിലിം ഇൻഡസ്ട്രിയെ തന്നെ ഇന്ത്യൻ സിനിമാലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ച താരമാണ് യഷ്. കെജിഎഫ് ചാപ്റ്റർ-1 സിനിമയോടെ ആരാധകർക്കിടയിൽ യഷ് വലിയ ഓളമുണ്ടാക്കി. ഇപ്പോഴിതാ കെജിഎഫ് ചാപ്റ്റർ-2 റിലീസായിരിക്കുകയാണ്. പ്രതീക്ഷയ്ക്ക് ഒത്തു തന്നെ സിനിമ ഉയർന്നെന്നാണ് ആരാധകർ പങ്കുവെക്കുന്ന പ്രതികരണം.
ഇതിനിടെ, തന്റെ ഉയർച്ച പെട്ടെന്നുണ്ടായതല്ലെന്നും കഠിനധ്വാനത്തിന്റെ നാളുകൾ തനിക്ക് പിന്നിലുണ്ടെന്നും തുറന്നുപറയുകയാണ് യഷ്. സീരിയൽ നടനിൽ നിന്നും കന്നഡ സൂപ്പർ സ്റ്റാർ എന്ന നിലയിലേക്ക് എത്തിച്ചേർന്നത് ഒരുപാട് കഷ്ടപ്പാടുകളുടെ ഫലമായിട്ടാണ്.
താൻ ഒരു സാധാരണ കുടുംബത്തിൽ നിന്നും ഉയർന്നുവന്നയാളാണെന്ന് പറയാൻ യഷിന് ഒട്ടും മടിയില്ല. താൻ സിനിമാ നടനായിട്ടും, ബസ് ഡ്രൈവറായിരുന്ന തന്റെ അച്ഛൻ ജോലി നിർത്താൻ തയ്യാറായിരുന്നില്ലെന്ന് യഷ് പറയുന്നു. അച്ഛൻ ആ ജോലി ഇഷ്ടപ്പെട്ടിരുന്നു എന്നും അത് നിർത്താനായി താൻ നിർബന്ധിച്ചിട്ടില്ലെന്നും യഷ് വ്യക്തമാക്കി.
‘ഒരു മകനെന്ന നിലയിൽ അച്ഛൻ വിശ്രമിക്കണമെന്നും റിലാക്സ് ചെയ്തിരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം, എനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ബസ് ഡ്രൈവറായുള്ള ജോലി നിർത്താനായി ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചിട്ടില്ല. അദ്ദേഹം ആ ജോലി ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഞാനെന്റെ ജോലി ചെയ്യട്ടെ നീ നിന്റേത് ചെയ്യൂ, എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് ബോറടിക്കും. പിന്നെ, എന്റെ സഹോദരിക്ക് കുഞ്ഞ് ഉണ്ടായപ്പോൾ അവനൊപ്പം സമയം ചെലവഴിക്കാൻ അച്ഛന് താൽപര്യമായിരുന്നു. അങ്ങനെയാണ് ആ ജോലി നിർത്തിയത്,’-യഷ് പറഞ്ഞു.