ബംഗളൂരു: കര്‍ണാടകയിലെ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കണമെന്ന് അന്ത്യശാസനം നല്‍കി ശ്രീരാമസേന. ഈ മാസം 13നുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ബാങ്ക് വിളിയ്ക്കുന്ന അഞ്ചു നേരവും ക്ഷേത്രങ്ങളില്‍ ഉച്ചത്തില്‍ ഭജന പാടുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു.
എന്നാല്‍, ആരാധനാലയങ്ങളില്‍ ശബ്ദം നിയന്ത്രിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്നും ഇത് തുടരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിക്കെതിരായുള്ള പ്രചാരണം ബംഗളൂരുവിലെ ആജ്ഞനേയ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ശക്തമായി പ്രതിരോധിക്കുമെന്നും ബജ്റംഗ്ദള്‍ നേതാവ് ഭരത് ഷെട്ടിയും അറിയിച്ചു.
മുസ്ലീം വിശ്വാസികളുടെ പ്രാര്‍ഥനയെയല്ല തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഉച്ചഭാഷിണികള്‍ വച്ച് ശബ്ദമലിനീകരണമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടാണ് തങ്ങള്‍ക്ക് വിയോജിപ്പെന്നും ബജ്റംഗ്ദള്‍ അറിയിച്ചു.
പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടര്‍ന്നാല്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ സംഭാവന ചെയ്യുമെന്നാണ് വ്യവസായിയും ബിജെപി അനുഭാവിയുമായ മോഹിത് കംബോജ് പ്രഖ്യാപിച്ചു.