തൃശൂർ: ഹിന്ദുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ നിന്നും ഭരതനാട്യം കലാകാരി വിപി മൻസിയയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മറ്റ് കലാകാരികൾ. മൻസിയയെ വിലക്കിയ കൂടൽമാണിക്യ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കില്ലെന്ന് അഞ്ജു അരവിന്ദ്, ദേവിക സജീവൻ എന്നീ ഭരതനാട്യം കലാകാരികൾ അറിയിച്ചു. ഇരുവരും മൻസിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്ഷേത്രാധികാരികൾ സംഘടിപ്പിച്ച തങ്ങളുടെ നൃത്തപരിപാടിയിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇവർ അറിയിച്ചത്.
”നമസ്കാരം, നിർഭാഗ്യകരമായ കാര്യങ്ങൾ നേരിട്ട കലാകാരികൾക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനാൽ, ഏപ്രിൽ 24ന് കൂടൽമാണിക്യം ക്ഷേത്രത്തിൽ നടത്തേണ്ടിയിരുന്ന ഡാൻസ് ഫെസ്റ്റിവലിൽ പെർഫോം ചെയ്യുന്നതിൽ നിന്നും പിന്മാറുവാൻ ഞാൻ തീരുമാനിച്ചു,’‘- ദേവിക സജീവൻ കുറിച്ചു.
‘And….. Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April.
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താൻ എനിക്ക് പലകാരണങ്ങൾ ഉണ്ട്.
*കൂടൽമാണിക്യം കമ്മിറ്റിയുടെ നിബന്ധനകളിൽ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന ‘പുരാതനമായ’ നിയമം ഉണ്ടെന്നിരിക്കെ മൻസിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉൾപ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.
*പ്രോഗ്രാം കൺഫോം ചെയ്യാൻ പോയ എന്റെ സുഹൃത്തിനോട് ‘ഞാൻ ഹിന്ദു ആണ്’ എന്ന് (എന്റെ ഫോം ഉൾപ്പെടെ) എഴുതി ഒപ്പിടാൻ പ്രേരിപ്പിച്ചത്.
*’സമർപ്പണ’ കലാപരിപാടിയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാൽ ഈ നിബന്ധനകൾ ഒന്നും കഴിഞ്ഞ വർഷങ്ങളിലെ നൃത്തോത്സവങ്ങളിൽ ഉണ്ടായിരുന്നും ഇല്ല.
കൂടാതെ പ്രമുഖ കലാകാർ ഉൾപ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം ‘അവരുടേതായ’ കാരണങ്ങൾ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാൻ സാധിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളർന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോൾ പക്കമേളക്കാർക്ക് ഉള്ള പ്രതിഫലം പോലും സംഘാടകർ നൽകില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാൻ ആഗ്രഹിച്ചതും അതിനായി പ്രായത്നിച്ചതും. എന്നാൽ നിബന്ധനകൾ വെച്ച് വെച്ച്, ഞാൻ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്.
ഒരു കലാകാരി എന്ന നിലയിൽ, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂർണ്ണ ബോധ്യത്താൽ, കല അവതരിപ്പിക്കാൻ ‘ഹിന്ദുവാണ്’ എന്ന് എഴുതി സമ്മതിച്ചു ആ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് സാധിക്കില്ല.
Therefore I BOYCOTT this opportunity.’- എന്നാണ് അഞ്ജു അരവിന്ദ് കുറിച്ചത്.