തിരുവനന്തപുരം: അഹിന്ദു ആയതിനാൽ നർത്തകി മൻസിയയ്ക്ക് കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോൽസവത്തിൽ’ പങ്കെടുക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മൻസിയയ്ക്ക് വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
നർത്തകി മൻസിയ ശ്യാം എന്ന പേരിൽ അപേക്ഷ നൽകിയപ്പോൾ അംഗീകരിക്കുകയും പിന്നീട് അവർ ഹിന്ദുമതത്തിൽ പെട്ടയാളല്ലെന്ന് മനസിലായപ്പോൾ അംഗീകാരം പിൻവലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നൽകിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ശാസ്ത്രീയ നൃത്തരൂപങ്ങൾ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരിൽ നിന്ന് നേരത്തേ കനത്ത എതിർപ്പുകൾ നേരിടേണ്ട വന്ന കലാകാരിയാണ് മൻസിയ. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്.
അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്കാരിക കൂട്ടായ്മകൾക്കുള്ള വേദിയാക്കി മാറ്റണം.’കലയും സംസ്കാരവും മാനവികതയുടെ അടിവേരാണെന്നും മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു