കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ദിലീപിനെ ചോദ്യംചെയ്യുന്നു. ക്രൈംബ്രാഞ്ചാണ് ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെ നിർമായകമായ നീക്കം നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ദിലീപിന്റെ ചോദ്യംചെയ്യൽ വൈകുന്നേരവും തുടരുകയാണ്.
ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ദിലീപിനെ ചോദ്യംചെയ്തത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യലിൽ ദിലീപിന്റെ മറുപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം താൻ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യംചെയ്യലിൽ അറിയിച്ചിരുന്നു.
അതേസമയം, ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് വീണ്ടെടുത്ത തെളിവുകൾ നിരത്തിയായിരുന്നു എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലത്തെ ചോദ്യംചെയ്യൽ. വാട്സാപ്പ് ചാറ്റുകൾ, സംഭാഷണങ്ങൾ, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ, സൈബർ ഹാക്കർ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉൾപ്പെടുത്തിയായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്. പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.
Discussion about this post