മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റേതായി ഏറ്റവും ഒടുവിലായി റിലീസായ ചിത്രമാണ് ആറാട്ട്. മോഹൻലാലിന്റെ തന്നെ മുൻചിത്രങ്ങളുടെ അനുകരണമാണ് ഉദയകൃഷ്ണ രചന നിർവഹിച്ച ആറാട്ട് സിനിമയെന്നും ആരാധകരെ തൃപ്തിപ്പെടുത്തിയില്ലെന്നും തുടക്കം മുതൽ ചിത്രത്തിന് നേരെ വിമർശനം ഉയർന്നിരുന്നു. ഒടിടി റിലീസായതോടെ ചിത്രത്തിന് നേരെ സോഷ്യൽമീഡിയയിലും ട്രോളുകൾ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്തിനാണ് വെറുതെ ഒരു പാവം ചിത്രത്തെ വിശകലനം ചെയ്യുന്നതെന്നാണ് ഉണ്ണികൃഷ്ണൻ ചോദിക്കുന്നത്.
‘ആറാട്ടിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു. നിങ്ങളെന്ത് പറഞ്ഞാലും ഞാൻ കേൾക്കും. കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്’- ഉണ്ണികൃഷ്ണൻ പറയുന്നു. ലാൽ സാറിന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊല്ലാതിരുന്നൂടെ എന്നും അദ്ദേഹം ചോദിച്ചു.
‘അതൊരു പാവം സിനിമയാണ് എന്നും നിങ്ങൾ ഒരിക്കൽ കൂടി ആ സിനിമ കണ്ടാൽ സന്തോഷമാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ നിങ്ങൾ ആ സിനിമ മറന്നുകളഞ്ഞേക്ക്’- എന്നും ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
വേണമെങ്കിൽ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫൺ ഇഷ്ടപ്പെട്ടു, ലാൽ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോയെന്നും തമാശ രൂപേണ ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.