ചേർപ്പ്: പത്താംക്ലാസിൽ പഠിക്കുന്ന മകന്റെ സൈക്കിൾ മോഷ്ടിച്ചയാളോട് അപേക്ഷയുമായി ഒരു പിതാവിന്റെ പോസ്റ്റർ. സൈക്കിൾ തിരിച്ചുതരണമെന്ന് അപേക്ഷിച്ച് കള്ളൻ കാണാനായി ചുമരിൽ സ്വന്തം കൈപ്പട കൊണ്ട് എഴുതി തയ്യാറാക്കിയ പോസ്റ്ററാണ് ഈ പിതാവ് പതിപ്പിച്ചിരിക്കുന്നത്. കരുവന്നൂർ സ്വദേശിയായ സൈഫുദ്ദീൻ എന്നയാളുടെ മകന്റെ സൈക്കിളാണ് നഷ്ടപ്പെട്ടത്. മറ്റൊരു നിർവാഹവുമില്ലാതെയാണ് അങ്ങിനെയൊരു പോസ്റ്റർ എഴുതി ഒട്ടിച്ചതെന്ന് പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീൻ പറയുന്നു.
‘എന്റെ മകൻ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിൾ ഇവിടെ നിന്നും ആരോ മന:പൂർവമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂർവം അറിയിക്കുന്നു. മകൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവനിനി പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നൽകാൻ ഒരു പിതാവ് എന്ന നിലയിൽ എനിക്ക് നിർവാഹമില്ല’- തൃശൂർ ജില്ലയിലെ കരുവന്നൂർ രാജാ കമ്പനിക്ക് സമീപത്തെ ചുമരിൽ പതിച്ച അറിയിപ്പ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.
‘മകന്റെ ആ സൈക്കിൾ എടുത്തയാൾ ഇത് വായിക്കാനിടയായാൽ ഞങ്ങളുടെ അവസ്ഥ മനസിലാക്കി ആ സൈക്കിൾ ഞങ്ങൾക്കു തന്നെ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സൈക്കിൾ തിരിച്ചു തരാൻ ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക. നമുക്കെല്ലാവർക്കും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ’-സൈഫുദ്ദീന്റെ ഈ കുറിപ്പ് സോഷ്യൽമീഡിയയിലടക്കം വൈറലാവുകയാണ്.
സൈക്കിൾ രാജ കമ്പനിക്ക് സമീപം വെച്ചാണ് മകൻ ചേർപ്പിലെ സ്‌കൂളിലേക്ക് സ്ഥിരമായി പോയിരുന്നതെന്ന് സൈഫുദ്ദീൻ പറഞ്ഞു. ശനിയാഴ്ച സ്‌കൂളിൽ നിന്ന് തിരിച്ചുവന്നപ്പോൾ സൈക്കിൾ കണ്ടില്ല. മകനും സൈഫുദ്ദീനും അവിടെയെല്ലാം അന്വേഷിച്ചെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല. എടുത്തുകൊണ്ടു പോയയാൾക്ക് മനസലിവ് വന്നെങ്കിലോ എന്നു കരുതിയാണ് പോസ്റ്റർ പതിച്ചതെന്നും സൈഫുദ്ദീർ പറഞ്ഞു.മറ്റൊന്ന് വാങ്ങാൻ കഴിയാത്തവർക്ക് ഒരു വസ്തു നഷ്ടപ്പെടുമ്പോഴുള്ള വേദന വളരെ വലുതാണെന്നും സൈഫുദ്ദീൻ പറയുന്നു.
പുതിയ സൈക്കിൾ ആരെങ്കിലും വാങ്ങിതരണമെന്ന് ആഗ്രഹിച്ചല്ല പോസ്റ്റർ പതിച്ചതെന്ന് സൈഫുദ്ദീൻ പറഞ്ഞു. മറ്റു നിർവാഹമില്ലാത്തപ്പോൾ ഒരു വസ്തു നഷ്ടപ്പെടുന്നത് വലിയ സങ്കടമുള്ള കാര്യമാണ്. മറ്റുള്ളവരുടെ വസ്തുക്കൾ കവർന്നെടുക്കുന്നവർ ഇത് ഓർക്കണമെന്നും സൈഫുദ്ദീൻ പറഞ്ഞു.
അതേസമയം, പോസ്റ്റർ കണ്ട് കള്ളന്റെ മനസ് അലിഞ്ഞില്ലെങ്കിലും ഒമാനിൽ നിന്ന് ഒരു പ്രവാസി വിളിച്ചിരുന്നെന്ന് സൈഫുദ്ദീൻ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഈ പ്രവാസി പുതിയ സൈക്കിൾ വാങ്ങാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഗൂഗിൾ പേ നമ്പർ ചോദിച്ചെങ്കിലും അതില്ലാത്തത് കൊണ്ട് കൊടുക്കാനായിട്ടില്ല. തന്റെ പേര് ആരോടും പറയേണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സൈഫുദ്ദീൻ പറഞ്ഞു.
Discussion about this post