തൃശൂർ: പ്രമുഖ ഓൺലൈൻ-ടെലിഷോപ്പിങ് കമ്പനിയായ നാപ്‌റ്റോളിന്റെ ബംബർ സമ്മാന പദ്ധതിയെന്ന പേരിൽ തട്ടിപ്പ്. ബംബർ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിയിൽനിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
നാപ്‌റ്റോളിൽനിന്ന് സാധനങ്ങൾ വാങ്ങിയവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാൽ മുഖാന്തരം വ്യാജ കത്തയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതിൽ അഭിനന്ദന സന്ദേശത്തിനൊപ്പം സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുമുണ്ടായിരുന്നു.
കാർഡ് ഉരച്ചുനോക്കി സമ്മാനം ലഭിക്കുകയാണെങ്കിൽ ക്ലൈയിം ചെയ്യാനായി അതിൽ നൽകിയ വാട്‌സ്ആപ് നമ്പറിലേക്ക് മിസ്‌കാൾ ചെയ്യാൻ നിർദേശമുണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ വാട്‌സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച കാറിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുകയും തുടർന്ന് ഫോട്ടോ, കാർ രജിസ്റ്റർ ചെയ്യാൻ ആധാർ കാർഡ് പകർപ്പ്, പാൻകാർഡ് പകർപ്പ് എന്നിവ ആവശ്യപ്പെടുകയും ഇത് നൽകി കഴിഞ്ഞ് ഒരാഴ്ചക്കകം, സമ്മാനാർഹമായ കാർ ഏറ്റുവാങ്ങാനുള്ള അറിയിപ്പ് തപാലിൽ എത്തിച്ചാണ് തട്ടിപ്പുകാർ വലവീശിയത്.
ഇത്തരത്തിലാണ് തൃശൂർ സ്വദേശിയും വലയിലായത്. തട്ടിപ്പിന്റെ ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കാർ സമ്മാനമായി ലഭിക്കാനുള്ള ടാക്‌സ് സംബന്ധിച്ച തടസങ്ങൾ അറിയിക്കുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുക. വാഹനത്തിന് പകരം പണം കൈപ്പറ്റിയാൽ നന്നാകുമെന്ന് പറയുകയും 30 ലക്ഷം വിലയുള്ള കാറിന്റെ നികുതിയിനത്തിൽ നാലോ അഞ്ചോ ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യും. ഇത് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താൽ നറുക്കെടുപ്പിൽ മറ്റൊരു 60 ലക്ഷം രൂപ കൂടി സ്‌പെഷൽ പ്രൈസ് ലഭിച്ചതായി അറിയിപ്പ് ലഭിക്കും. കൂടെ റിസർവ് ബാങ്കിന്റെ പേരിൽ ഒരു കത്തും സമ്മാനാർഹമായ തുകയെഴുതിയ ചെക്കും വാട്‌സ്ആപ്പിൽ അയച്ചുതരും.
സമ്മാന ഇനത്തിൽ ഒരു കോടിയിൽപരം രൂപ ലഭിക്കാനുള്ളതായി ബോധ്യപ്പെടുത്തും. നടപടിക്രമങ്ങൾക്കും നികുതി ഇനത്തിലുമായി വീണ്ടും 10 ലക്ഷംകൂടി ആവശ്യപ്പെടും. നിരന്തര പ്രലോഭനങ്ങളിലൂടെ അതിനകം വലിയൊരു തുക തട്ടിയെടുത്തിട്ടുണ്ടാകും. സമ്മാനം ലഭിക്കാൻ വൈകി അവരെ വിളിക്കുമ്പോൾ റിസർവ് ബാങ്കിലെ നൂലാമാലകൾ മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്നായിരിക്കും മറുപടി. ഇത്തരത്തിൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും സമ്മാനം വരുമെന്ന് കരുതിയോ മാനക്കേട് ഭയന്നോ പുറത്തുപറയാതിരിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
അതേസമയം, ലോട്ടറി, സമ്മാനങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയ പ്രലോഭനങ്ങളിൽ വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സന്ദേശങ്ങൾ വന്നാൽ കൂട്ടുകാരുമായോ പോലീസുമായോ പങ്കിടണം. പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സോഷ്യൽ എൻജിനീയറിങ് വഴി തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ 1930 നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലും സന്ദർശിക്കാം. https://cybercrime.gov.in/