പാരിസ് : തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുത്തത് കോവിഡ് പരിശോധന നടത്താതെ. റഷ്യ ഡിഎന്‍എ ചോര്‍ത്തുമെന്ന് ആശങ്കകളുണ്ടായിരുന്നതിനാല്‍ മക്രോണ്‍ ടെസ്റ്റിന് വിസമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. ടെസ്റ്റ് നടത്താത്തതിനാല്‍ മക്രോണെ 20 അടി അകലത്തില്‍ ഇരുത്തിയാണ് പുടിന്‍ കൂടിക്കാഴ്ച നടത്തിയത്.
ഫ്രാന്‍സില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയുടെ റിപ്പോര്‍ട്ടും ആന്റിജന്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ടും മക്രോണിന്റെ കൈവശമുണ്ടായിരുന്നുവെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ഒന്നുകില്‍ റഷ്യന്‍ പരിശോധന നടത്തണം അല്ലെങ്കില്‍ പുടിനുമായി അകലം പാലിക്കണം എന്ന് സര്‍ക്കാര്‍ നിബന്ധന വച്ചതോടെ സാമൂഹിക അകലം സ്വീകാര്യമാണെന്ന് ഫ്രാന്‍സ് അറിയിക്കുകയായിരുന്നു.
ഉക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ നീളമുള്ള മേശയ്ക്കപ്പുറവും ഇപ്പുറവും ഇരിക്കുന്ന മക്രോണിന്റെയും പുടിന്റെയും ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മക്രോ ടെസ്റ്റിന് വിസമ്മതിച്ചതിനാലാണ് അകലം പാലിച്ചതെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിഷയത്തില്‍ റഷ്യയുടെ കടുത്ത നിലപാട് ബോധ്യപ്പെടുത്താനാണ് പുടിന്‍ അകലം പാലിച്ചതെന്നാണ് അഭ്യൂഹം.
കോവിഡ് ആരംഭിച്ചത് മുതല്‍ കനത്ത മുന്‍കരുതലുകളാണ് പുടിന്‍ സ്വീകരിക്കുന്നത്. പുടിനെ കാണാനെത്തുന്നവരെല്ലാം ഡിസ് ഇന്‍ഫെക്ഷന്‍ ടണല്‍ എന്നറിയപ്പെടുന്ന പ്രത്യേക ടണലിനുള്ളിലൂടെ വേണം ഓഫീസിലെത്താന്‍ എന്ന് 2020 ജൂണില്‍ റഷ്യന്‍ സര്‍ക്കാര്‍ നിബന്ധന വച്ചിരുന്നു. ആന്റീ ബാക്ടീരിയല്‍ ലായനി തളിക്കുന്ന ഈ ടണലില്‍ കയറിയിറങ്ങിയാണ് സന്ദര്‍ശകരെല്ലാം പുടിന്റെ അടുത്തെത്തിയിരുന്നത്.