റോം : വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി കോമോ മേഖലയില്‍ വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മരിനെല്ല ബെറേറ്റ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ലിവിങ് റൂമില്‍ കസേരയിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അടുത്തിടെ ഉണ്ടായ ശക്തമായ കാറ്റില്‍ ഇവരുടെ തോട്ടത്തിലെ മരങ്ങള്‍ വീഴുമെന്ന ആശങ്കയെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കാനെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. മരിനെല്ല മരിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും 2019ന്റെ അവസാനത്തോടെ മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. ഇവരുടെ ബന്ധുക്കളെക്കുറിച്ച് അയല്‍വാസികള്‍ക്കൊന്നും യാതൊരു വിവരവുമില്ല.
രണ്ടര വര്‍ഷത്തോളമായി തങ്ങള്‍ മരിനെല്ലയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും കോവിഡ് ഇറ്റലിയില്‍ ബാധിച്ച് തുടങ്ങിയ സമയത്ത് ഇവര്‍ വീട് പൂട്ടി ഏതെങ്കിലും ബന്ധുക്കളുടെ അടുത്തേക്ക് പോയിരിക്കാമെന്നാണ് കരുതിയിരുന്നതെന്നുമാണ് സമീപവാസികള്‍ അറിയിച്ചിരിക്കുന്നത്.
മരിനല്ലയുടെ ബന്ധുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളെ ആരെയും കണ്ടെത്താനായില്ലെങ്കില്‍ മരിനെല്ലയ്ക്ക് ബഹുമാനപൂര്‍വ്വം അന്ത്യയാത്ര നല്‍കാന്‍ സഹകരിക്കണമെന്ന് കോമോ മേയര്‍ മരിയോ ലാന്‍ഡ്രിസിന നഗരവാസികളോടഭ്യര്‍ഥിച്ചു.