ന്യൂഡല്‍ഹി : കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തെത്തുടര്‍ന്നുള്ള വിവാദങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്താന്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യന്‍ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
PAKISTAN SUMMONS INDIAN DIPLOMAT
Pakistan summoned Indian Charge d'affaires to the Foreign Ministry over the issue of Hijab ban. He was spoken about RSS's agenda, BJP's alleged role in anti minorities activities, attacks on minorities in Gurugram, Haridwar and other places pic.twitter.com/xLIiR2MRZi— Mirror Now (@MirrorNow) February 10, 2022
ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കേയാണ് ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന് വിളിപ്പിച്ചത്. കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമം ഇന്ത്യന്‍ ഗവണ്മെന്റ് തടയണമെന്നും മുസ്ലീം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഉള്‍പ്പടെയുള്ള മുതിര്‍ന്ന പാക് നേതാക്കള്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ ഔദ്യോഗിക പ്രസ്താവന.
അതേസമയം പാകിസ്താന്റെ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വി രംഗത്തെത്തിയിട്ടുണ്ട്. ക്രൂരതയുടെയും കുറ്റകൃത്യങ്ങളുടെയും ഈറ്റില്ലമായ പാകിസ്താനാണ് ഇന്ത്യയെ സഹാനുഭൂതിയും മതേതരത്വവും പഠിപ്പിക്കുന്നതെന്ന് നഖ്വി തുറന്നടിച്ചു. ഇന്ത്യ എന്നും ന്യൂനപക്ഷങ്ങളുടെ കൂടെയേ നിന്നിട്ടുള്ളൂവെന്നും അവരുടെ ക്ഷേമത്തിന് വേണ്ടി ഇന്ത്യ ചെയ്യുന്ന എല്ലാ കാര്യങ്ങളും സഹാനുഭൂതിയും ഐക്യവും സമത്വവുമെല്ലാം രാജ്യത്ത് നിലനില്ക്കുന്നതിന്റെ തെളിവാണെന്നും നഖ്വി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥിനികളെ അധികൃതര്‍ ക്യാംപസില്‍ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് ഹിജാബ് വിവാദം ഉടലെടുക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ മറ്റ് രണ്ട് കോളേജുകളില്‍ കൂടി ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതോടെ സംഭവം വലിയ വാര്‍ത്തയായി.
ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ കാവി നിറത്തിലുള്ള ഷാള്‍ ധരിച്ചെത്തി ക്യാംപസുകളില്‍ പ്രതിഷേധം തുടങ്ങി. കര്‍ണാടകയിലെ പല ജില്ലകളിലേക്കും പ്രതിഷേധം വ്യാപിക്കുകയും സംഭവം ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഹിജാബ് നിരോധനത്തില്‍ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിക്ക് നല്കിയ ഹര്‍ജിയില്‍ വിധി കാത്തിരിക്കുകയാണ് രാജ്യം.
Discussion about this post