പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങി പോയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തേക്കുമെന്നു സൂചന. സംരക്ഷിത വനംമേഖലയിൽ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്റ്റ് പ്രകാരമാണ് കേസെടുക്കുക. കേസ് എടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നാണ് വിവരം.
ബാബു കയറിയ കൂർമ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകൾക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബാബുവിനെതിരേ കേസെടുക്കാൻ തീരുമാനമായത്.
ബാബുവിന്റെ മൊഴി വാളയാർ സെക്ഷൻ ഓഫീസർ എടുക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ ഉണ്ടാകുക. . ബാബുവിന് ഒപ്പമുണ്ടായിരുന്ന ആളുകൾക്കായും അന്വേഷണം നടക്കുന്നുണ്ട്. അവരുടെ മൊഴിയും എടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരേ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനിക്കും.
കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷൻ 27 പ്രകാരമാണ് വനംവകുപ്പ് കേസ് എടുക്കുക. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.