ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരന്‍ രാജാവായാല്‍ പത്‌നി കാമിലക്ക് എലിസബത്ത് രാജ്ഞിയുടെ കോഹിനൂര്‍ രത്‌നം പതിച്ച കിരീടം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അധികാരമേറ്റതിന്റെ എഴുപതാം വാര്‍ഷികാഘോഷ വേളയില്‍ കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് പദവി നല്‍കാന്‍ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി (II) അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഹിനൂര്‍ കാമിലയ്ക്ക് ലഭിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളെത്തുന്നത്.
ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചാള്‍സ് രാജാവാകുമ്പോള്‍ കിരീടം കാമിലയുടെ ശിരസ്സില്‍ അണിയുമെന്നാണ് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട്. 105.6 കാരറ്റാണ് ചരിത്രപ്രധാനമായ കോഹിനൂര്‍ രത്‌നം. പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്ന് കണ്ടെടുത്ത രത്‌നം പല തലമുറകള്‍ കൈമാറി, 1849-ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം വിക്ടോറിയ രാജ്ഞിയുടെ കൈകളിലെത്തിച്ചേര്‍ന്നു. അന്ന് മുതല്‍ ബ്രിട്ടീഷ് രാജവംശത്തിന്റെ അധീനതയിലാണ് രത്‌നം.
ഇന്ത്യയുള്‍പ്പടെ നാല് രാജ്യങ്ങളാണ് കോഹിനൂറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കത്തിലുള്ളത്. നിലവില്‍ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലുള്ള രത്‌നം 1937ല്‍ ജോര്‍ജ് നാലാമന്റെ കിരീടധാരണവേളയില്‍ ലണ്ടന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
2005ലായിരുന്നു ചാള്‍സ്-കാമില വിവാഹം. ചാള്‍സിന്റെയും മുന്‍ ഭാര്യ ഡയാന രാജകുമാരിയുടെയും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണം കാമിലയാണെന്ന വാദം ആദ്യം മുതല്‍ക്ക് തന്നേ ഉടലെടുത്തിരുന്നു. ചാള്‍സ്-ഡയാന വേര്‍പിരിയല്‍ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടടുത്ത വര്‍ഷം 1997ല്‍ പാരിസില്‍ വെച്ചുണ്ടായ കാറപടത്തെത്തുടര്‍ന്നാണ് ഡയാന അന്തരിക്കുന്നത്.