കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സുരേഷ്-പ്രസന്ന ദമ്പതിമാരുടെ ജീവിതത്തിലേക്ക് നാല് കുഞ്ഞുങ്ങൾ എത്തിയിരിക്കുകയാണ്. ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് അതിരമ്പുഴ സ്വദേശിനി 42 വയസുകാരി പ്രസന്നയാണ് ജന്മം നൽകിയത്. ഒറ്റ പ്രസവത്തിലൂടെ മൂന്ന് ആൺകുഞ്ഞുങ്ങൾക്കും ഒരു പെൺകുഞ്ഞിനും പ്രസന്ന ജന്മം നൽകുകയായിരുന്നു.
ആശുപത്രിയിലെ സീനിയർ ഗൈനെക്കോളജി കൺസൾട്ടന്റ് ഡോ. ഹരീഷ് ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ചികിത്സസയിലൂടെയാണ് എട്ടാം മസത്തിൽ നാല് കുട്ടികളെയും സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തത്. നാല് കുഞ്ഞുങ്ങൾ പിറന്നതിന്റെ അതിസന്തോഷത്തിൽ പ്രസവചികിത്സ ഉൾപ്പടെയുള്ള ആശുപത്രി ചെലവുകൾ പ്രസന്നയ്ക്ക് ആശുപത്രി അധികൃതർ സൗജന്യമായാണ് ഒരുക്കിയത്.
നേരത്തെ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ട പ്രസന്നകുമാരി കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് സാധാരണ നിലയിൽ ഗർഭം ധരിച്ചത്. പ്രസന്നകുമാരിയുടെയും ഭർത്താവ് സുരേഷിന്റെയും ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്.
നാല് കുഞ്ഞുങ്ങളുണ്ടെന്ന് അറിഞ്ഞതോടെ വിദഗ്ധ ചികിത്സയും ആശുപത്രി ഒരുക്കിയതായി കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു. കുട്ടികൾക്ക് ഒരു ദിവസത്തെ വെന്റിലേറ്റർ സഹായം മാത്രമാണ് ആവശ്യമായി വന്നത്. ഒരാഴ്ച്ച നീണ്ട പരിചരണത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.
Discussion about this post