ഫാം നടന്നുകണ്ട്, കടല സ്വയം പറിച്ച് കഴിച്ച് രുചിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ കടലഫാമിലൂടെ നടന്ന് ചെടിയില്‍ നിന്ന് കടല പറിച്ച് രുചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്താരാഷ്ട്ര ധാന്യവിള ഗവേഷണ കേന്ദ്ര (ഇന്റര്‍നാഷനല്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി ഏരിഡ് ട്രോപിക്സ്-ഇക്രിസാറ്റ്)മായിരുന്നു മോഡി സന്ദര്‍ശിച്ചത്.

കാംപസിലെ കടലഫാമിലൂടെ നടന്ന് ചെടിയില്‍ നിന്ന് കടല പറിച്ച് രുചിക്കുകയും ചെയ്തു മോഡി. ഇക്രിസാറ്റിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോഡി. ചടങ്ങിനുശേഷം കാംപസിലെ ഫാമിലെത്തി, ഫാമിലൂടെ നടന്ന് കടലക്കൃഷി നോക്കിക്കാണുകയും കടല സ്വയം പറിച്ചെടുത്ത് കഴിക്കുകയും ചെയ്തു.

ഇതിന്റെ ചിത്രങ്ങള്‍ മോഡി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഇക്രിസാറ്റ് കാംപസില്‍ കൃഷിയെ ആധുനികവല്‍ക്കരിക്കാനും നൂതന ആശയങ്ങള്‍ നടപ്പാക്കാനുമുള്ള പരിശ്രമങ്ങളെല്ലാം പരിശോധിച്ചെന്ന് മോഡി ട്വീറ്റ് ചെയ്തു.

ഇക്രിസാറ്റ് കാലാവസ്ഥാമാറ്റ ഗവേഷണകേന്ദ്രത്തില്‍ നടന്ന പ്ലാന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് റാപിഡ് ജനറേഷന്‍ അഡ്വാന്‍സ്മെന്റ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു. സുവര്‍ണജൂബിലുടെ ഭാഗമായി പ്രത്യേക സ്റ്റാംപ് പുറത്തിറക്കുകയും ചെയ്തു. ഹൈദരാബാദില്‍ നിര്‍മിച്ച 11-ാം നൂറ്റാണ്ടിലെ ഭക്തസന്ന്യാസിയും വൈഷ്ണവ ഗുരുവുമായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമയും ഇന്നലെ മോഡി ഉദ്ഘാടനം ചെയ്തിരുന്നു.


പരിപാടികള്‍ക്കായി ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ മോഡിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എത്താത്തത് ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത മറ്റ് പരിപാടികളിലും കെസിആര്‍ എത്തിയിരുന്നില്ല. പനിബാധിച്ച് കിടപ്പിലായതിനാലാണ് ചടങ്ങിന് എത്താതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Exit mobile version