കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ ജാമ്യത്തിലെടുക്കാൻ തൊഴിലാളികൾ പണപ്പിരിവ് നടത്തുന്നു. ഒരുമാസത്തിലേറെയായി ജയിലിൽ കഴിയുന്ന 174 അതിഥിത്തൊഴിലാളികളെ ജാമ്യത്തിലെടുക്കാതെ കമ്പനി ഉടമ സാബു ജേക്കബ് കൈവിട്ടതോടെയാണ് സഹപ്രവർത്തകർ പണം സമാഹരിക്കാനിറങ്ങിയത്.
യഥാർഥ പ്രതികൾ 24 പേർമാത്രമാണെന്നും അറസ്റ്റിലായ മറ്റുള്ളവർ നിരപരാധികളാണെന്നുമാണ് നേരത്തേ സാബു അവകാശപ്പെട്ടിരുന്നത്. എന്നാൽ കേസിൽ അകപ്പെട്ടിരിക്കുന്നവരെ ജാമ്യത്തിലെടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും രണ്ട് കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്. 12 ലക്ഷത്തോളം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചിട്ടുള്ളത്. ഇത്രയും തുക കെട്ടിവയ്ക്കാനില്ലാത്തതിനാൽ പ്രതികളാരും ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 90 ദിവസം കഴിഞ്ഞാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടും. അതിനുമുമ്പ് കുറ്റപത്രം നൽകി കോടതിനടപടികളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷകസംഘം. അങ്ങനെവന്നാൽ കേസ് തീരുന്നതുവരെ പ്രതികൾ ജയിലിൽ കഴിയേണ്ടിവരും.
51 പേർ രണ്ട് കേസിലും പ്രതികളാണ്. നശിപ്പിച്ച പൊതുമുതലിന്റെ മൂല്യത്തിനുതുല്യമായ തുക കെട്ടിവച്ചാലാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുക. അസം, മണിപ്പുർ, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിർധനതൊഴിലാളികളാണ് എല്ലാവരും. കിറ്റെക്‌സിലും തുച്ഛമായ കൂലിക്കാണ് ഇവർ ജോലി ചെയ്തിരുന്നത്. പ്രതികളുടെ ജാമ്യത്തിന് സഹായം നൽകാൻ ആലോചിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം സാബു ജേക്കബ് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്ബനിയിലെ മറ്റ് അതിഥിത്തൊഴിലാളികൾ ജയിലിൽ കഴിയുന്നവരെ സഹായിക്കാൻ പണപ്പിരിവ് തുടങ്ങിയത്.
Discussion about this post