കോയമ്പത്തൂര്‍ : തന്റെ ക്രിമിനല്‍ പശ്ചാത്തലം മൂലം ജീവിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ തിരിച്ച് ജയിലില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി കൊലക്കേസ് പ്രതി കോടതിയില്‍. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അവധിക്കാല വസതിയായ കൊടനാട് എസ്‌റ്റേറ്റില്‍ കൊള്ളയും കൊലപാതകവും നടത്തിയ കേസിലെ പ്രതി മനോജ് ആണ് ജാമ്യം റദ്ദാക്കി തന്നെ തിരിച്ച് ജയിലില്‍ എത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതിയാണ് മനോജ്. ഊട്ടി വിട്ട് പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും കോടതിയിലെത്തി രജിസ്റ്ററില്‍ ഒപ്പ് വയ്ക്കണമെന്നുമുള്ള ഉപാധിയില്‍ നവംബര്‍ 25നാണ് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം മൂലം താമസിക്കാനിടമോ ജോലിയോ ആരും നല്‍കുന്നില്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കി തിരികെ ജയിലില്‍ പ്രവേശിപ്പിക്കണമെന്നും കാട്ടി ഇയാള്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.
താന്‍ പ്രമേഹ രോഗിയാണെന്നും ജോലിയില്ലാത്തതിനാല്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുകയാണെന്നും കടുത്ത തണുപ്പില്‍ പുറത്ത് കഴിയാന്‍ പറ്റുന്നില്ലെന്നും മനോജ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
Discussion about this post