ന്യൂഡൽഹി: ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച് വിൽക്കുന്നതിനായി കരുനീക്കങ്ങൾ നടത്തി നീതി ആയോഗ്. ഇവയുടെ വിൽപന പ്രോൽസാഹിപ്പിക്കാനായി ഗോശാല സമ്പദ്‌വ്യവസ്ഥ രൂപീകരിക്കാനാണ് പുതിയ നീക്കം. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗോമൂത്രത്തിനും ചാണകത്തിനും വിപണി കണ്ടെത്തുകയാണ് നീതി ആയോഗിന്റെ ലക്ഷ്യം.
ആദ്യഘട്ടമായി നീതി ആയോഗ് അംഗം രമേഷ് ചാണ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ വിവിധ ഗോശാലകൾ സന്ദർശിച്ച് അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് തയാറാക്കി കഴിഞ്ഞെന്നാണ് വിവരം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും നീതി ആയോഗ് ഗോശാല സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പദ്ധതി തയാറാക്കുക.
വൈകാതെ ഇതുസംബന്ധിച്ച റിപ്പോർട്ട് നീതി ആയോഗിൽ സമർപ്പിക്കപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കുമെന്നും അധികൃതർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ, ഹെർബൽ ഉൽപന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് ഗോമൂത്രം ആവശ്യമാണ്. ചാണകം ശ്മശാനങ്ങളിലും ഉപയോഗിക്കാം.
also read- റഫാൽ യുദ്ധവിമാനത്തിന്റെ ആദ്യ വനിതാപൈലറ്റ്; റിപ്പബ്ലിക്ദിന പരേഡിൽ തിളങ്ങി ശിവാംഗി
ഇത്തരത്തിൽ ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനാണ് നീതി ആയോഗ് ലക്ഷ്യം വെയ്ക്കുന്നത്.