കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇതിനിടെ കേസിലെ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് കണ്ടെത്തൽ.
ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ പണം ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രമുഖ അഭിഭാഷകന്റെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ട്. അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് വിലയിരുത്തൽ.
ഇതിനിടെ, വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശരത്ത് ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറയാമെന്ന് സുഹൃത്ത് മുഖേനെ ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിന്റെ അടുത്തേത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചത് ശരത്താണെന്നാണ് വിലയിരുത്തൽ. എന്നാൽ ദിലീപിന് ജാമ്യം എടുക്കാൻ സഹായിക്കുകമാത്രമാണ് താൻ ചെയ്തത് എന്നാണ് ശരത്തിന്റെ വാദമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post