അമ്പലവയൽ: വയനാട് അമ്പലവയലിൽ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ (10) ചികിത്സയിൽ കഴിയുകയാണ്.
ജനുവരി 15-നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ (38) ആസിഡ് ആക്രമണം നടത്തിയത്. അമ്പലവയൽ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു ലിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. ആസിഡ് ആക്രമണത്തിന് ശേഷം സനൽകുമാർ തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ യുവതിയേയും മകളേയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തച്ചത്. ലിജിതയും ഭർത്താവ് സനലും അകന്നു കഴിയുകയായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ജനുവരി 15 ശനിയാഴ്ച രാവിലെ ലിജിത പോലീസ് പരാതി നൽകിയിരുന്നു. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.
ഒളിവിൽ പോയ സനലിനെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിധിയിൽ കൊടുവള്ളി ഭാഗത്തായി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post