യുവതി ട്രെയിനിൽ കയറി; മറ്റാർക്കും കയറാനായില്ല; ഓട്ടോ പിടിച്ച് അടുത്ത സ്റ്റേഷനിലേക്ക് പുറപ്പെട്ട കുടുംബത്തെ ലെവൽക്രോസ് ഗേറ്റ് കീപ്പർ പൂട്ടിയിട്ടു; പരാതി

വർക്കല: ട്രെയിൻ അടുത്ത സ്റ്റേഷൻ വിടുന്നതിനു മുമ്പ് എത്താനായി ഓട്ടോയിൽ പോകുകയായിരുന്ന കുടുംബത്തെ റെയിൽവേ ഗേറ്റിൽ പൂട്ടിയിട്ടതായി പരാതി. ട്രെയിൻ പോയിട്ടും ഗേറ്റ് തുറക്കാൻ വൈകിയത് ഓട്ടോഡ്രൈവർ ചോദ്യം ചെയ്തതിനാണ് ഓട്ടോറിക്ഷയെയും യാത്രക്കാരെയും ഗേറ്റ് കീപ്പർ ലെവൽക്രോസിനുള്ളിൽ പൂട്ടിയിട്ടത്.

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിൽ ബുധനാഴ്ച രാവിലെ 4.30-ഓടെയായിരുന്നു സംഭവം. വർക്കല സ്വദേശി ആശിഷിന്റെ ഓട്ടോയിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി സാജൻ, അമ്മ സൂസി എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. കുടുംബത്തെ ലിഫ്റ്റിങ് ബാരിയർ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളിൽ തടഞ്ഞിട്ടതായാണ് പരാതി.

സാജനും ഭാര്യ ആദിത്യയും അമ്മയും തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് ഏറനാട് എക്‌സ്പ്രസിൽ വരികയായിരുന്നു. ഡി-ഏഴ് കമ്പാർട്ട്മെന്റിൽ കയറേണ്ട ഇവർ മറ്റൊന്നിൽ മാറിക്കയറി. തീവണ്ടി വർക്കലയിൽ എത്തിയപ്പോൾ ഇവർ പുറത്തിറങ്ങി ഡി-ഏഴിൽ കയറാൻ ശ്രമിച്ചു. സാജന്റെ ഭാര്യ കയറിക്കഴിഞ്ഞപ്പോൾ തീവണ്ടി നീങ്ങിത്തുടങ്ങിയതിനാൽ മറ്റുള്ളവർക്കു കയറാനായില്ല.

Also Read-പരിക്കേറ്റ ബിന്ദു അമ്മിണിയോട് ജീപ്പിൽ കയറാനും അക്രമിയോട് ആശുപത്രിയിൽ പോകാനും പറഞ്ഞ് പോലീസ്; പ്രതിഷേധത്തിന് ഒടുവിൽ ആർഎസ്എസുകാരനായ പ്രതി പിടിയിൽ

മറ്റൊരു വാഹനത്തിൽ കൊല്ലം സ്റ്റേഷനിലെത്താനും താനവിടെ കാത്തിരിക്കാമെന്നും സാജനെ ഭാര്യ ഫോണിൽ അറിയിച്ചു. തുടർന്നാണ് സാജനും അമ്മയും വർക്കലയിൽ നിന്ന് ഓട്ടോറിക്ഷയിൽ കൊല്ലത്തേക്കു തിരിച്ചത്. വഴിയിലെ പുന്നമൂട് ഗേറ്റ് തീവണ്ടി കടന്നുപോയിട്ടും അടഞ്ഞുകിടക്കുന്നതായി കണ്ടു. ഓട്ടോഡ്രൈവർ ഹോൺ മുഴക്കിയപ്പോഴാണ് ഗേറ്റ് കീപ്പർ തുറക്കാൻ തുടങ്ങിയത്. ഗേറ്റിനുള്ളിൽ ഓട്ടോ പ്രവേശിച്ചപ്പോൾ ഡ്രൈവർ ഇതേക്കുറിച്ച് ഗേറ്റ് കീപ്പറെ ചോദ്യംചെയ്തു.

Also Read-‘നിങ്ങളിത് ചെയ്‌തെന്ന് അറിയാം, ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ’; ദിലീപ് തെറ്റുകാരനെന്ന് വ്യക്തമാക്കി വിഐപി; പോലീസിനെ ആക്രമിക്കാനും പദ്ധതി; കൂടുതൽ ശബ്ദരേഖകൾ പുറത്ത്

ഇതിൽ പ്രകോപിതനായ ഗേറ്റ് കീപ്പർ ലിഫ്റ്റിങ് ബാരിയർ താഴ്ത്തി ഓട്ടോ തടഞ്ഞിടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കവും വാക്കേറ്റവുമായി. 10 മിനിറ്റോളം കഴിഞ്ഞാണ് ഗേറ്റ് തുറന്നതെന്ന് ഓട്ടോഡ്രൈവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഓട്ടോഡ്രൈവർ റെയിൽവേ അധികൃതർക്കു പരാതി നൽകി.

Exit mobile version