ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കാന് ഡിസിജിഐയുടെ അനുമതി. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്. 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി.
ഇന്ന് രാത്രി 9.45 ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചതാണ് ഇക്കാര്യം. അറുപത് വയസിനു മുകളിലുള്ളവര്‍ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി.
ഇതോടെ ഇന്ത്യയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വക്സിനായി കോവാക്സിന്. നേരത്തെ സൈഡസ് കാഡിലയുടെ വാക്സിന് 15 വയസിന് മുകളിലുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളില്‍ കോവിഡ് വാക്സിന് നല്‍കുന്നത്. മുതിര്‍ന്നവരിലും ഇതേ ഇടവേളയിലാണ് കോവിഡ് വാക്സിന് നല്‍കുന്നത്.
ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തവര്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക.
പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്കുകള്‍ പതിവായി ഉപയോഗിക്കാനും കൈകള്‍ അണുവിമുക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളും 5 ലക്ഷം ഓക്സിജന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികള്‍ക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവര്‍ത്തനക്ഷമമായ പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post