കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയെന്ന് പോലീസ് സ്ഥിരീകരിച്ചു. നടി ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് രവി പൂജാരിയെന്ന് ശബ്ദപരിശോധനയിലൂടെ വ്യക്തമായി. ഇതിനിടെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് നടത്തിയ സംഘം കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് വഴിയാണ് പനമ്പള്ളി നഗറില്‍ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
മംഗളൂരു, ഉഡുപ്പി, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ രവി പൂജാര കര്‍ണ്ണാടകയിലെ ബിസിനസ്, ബില്‍ഡര്‍ മേഖലയിലെ സമ്പന്നരെ വിളിച്ച് നേരത്തെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. എല്ലാ ഫോണ്‍ വിളികളും പണം ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു. നേരത്തെ 25 ലക്ഷം ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞ നവംബറില്‍ തന്നെ വിളിച്ചിരുന്നതായി ലീന പോലീസിനോട് പറഞ്ഞു.
എന്നാല്‍ ഇത്രയും വലിയ തുക രവി പൂജാര, ലീനയില്‍ നിന്ന് ആവശ്യപ്പെട്ടതാണ് പോലീസിനെ കുഴക്കുന്നത്. ഇതുസംബന്ധിച്ച് ലീനയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ രവിയുടെ 40 അനുയായികളുടെ ലിസ്റ്റ് കേരളാ പോലീസ് കണ്ടെത്തി. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post