ബ്യൂണസ് ഐറിസ് : അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല. ഞായറാഴ്ച സംഘടിപ്പിച്ച വിര്‍ച്വല്‍ ലേലത്തില്‍ 14ലക്ഷം ഡോളര്‍ വിലമതിക്കുന്ന തൊണ്ണൂറോളം വസ്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും 26000 ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ് വിറ്റുപോയത്.
മൂന്നരമണിക്കൂര്‍ നീണ്ട ലേലത്തില്‍ 1500ലേറെപ്പേര്‍ പങ്കെടുത്തിരുന്നു.ബ്യൂണസ് ഐറിസിലുള്ള വീടും മാര്‍ ദെല്‍ പ്ലാറ്റയിലുള്ള കടല്‍ത്തീര അപ്പാര്‍ട്ട്‌മെന്റും രണ്ട് ബിഎംഡബ്ല്യൂ കാറുകളുമായിരുന്നു ലേലത്തില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും വില കൂടിയ വസ്തുക്കള്‍. എന്നാല്‍ ഇതിനായി ആരും രംഗത്ത് വന്നില്ല.
മറഡോണ മാതാപിതാക്കള്‍ക്ക് വാങ്ങി നല്‍കിയതാണ് ഒമ്പത് ലക്ഷം ഡോളര്‍ വില വരുന്ന് വീട്. ഫ്‌ളാറ്റിന് 65000 ഡോളറാണ് മൂല്യം. താരത്തിന്റെ ഒരു പെയിന്റിങ്ങിനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ചത്-2150 ഡോളര്‍. ഫിഡല്‍ കാസ്‌ട്രോയുടെ ഒപ്പമുള്ള താരത്തിന്റെ പെയിന്റിങ്ങിനും സാമാന്യം ഭേദപ്പെട്ട വില ലഭിച്ചു. ദുബായില്‍ നിന്നുള്ളയാള്‍ 1600 ഡോളറിനാണ് ഇത് സ്വന്തമാക്കിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ അന്തരിച്ച മറഡോണയുടെ കടങ്ങള്‍ വീട്ടുന്നതിനും മറ്റും കോടതിയുടെ നിര്‍ദേശപ്രകാരമാണ് ലേലം നടന്നത്. സാധനങ്ങള്‍ വിറ്റുപോകാത്തതിനാല്‍ ലേലത്തീയതി പത്ത് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.