തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 31 ന് ബജറ്റ് അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ബജറ്റിന് മുമ്പായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 31 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ് അവതരണം. മാര്‍ച്ച് 31 മുന്‍പ് സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി 28 മുതല്‍ 31 വരെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കുന്നത്. ജനുവരി ഒന്നിന് വിഴിഞ്ഞം ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി തോമസ് ഐസക് ബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതും സംസ്ഥാനത്തെ കാരുണ്യ ചികിത്സാ സാഹായ പദ്ധതിയും ഒരുമിച്ച് ചേര്‍ത്തുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ ‘കാസ്പ്’ ആയിരിക്കും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ഒരു കുടുംബത്തിന് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സയ്ക്ക് തുക കിട്ടുന്ന തരത്തിലാവും ‘കാസ്പ്.’ഇത്തവണത്തെ ബജറ്റ് ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.
ആദ്യ വര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ നല്‍കും. ലോട്ടറിയില്‍ നിന്നുള്ള ആയിരം കോടി രൂപ ഇതിനായി വിനിയോഗിക്കും. കൂടാതെ ‘മെഡിസാപ്പ്’ എന്ന പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പദ്ധതിയും പ്രധാന ആകര്‍ഷണമാണ്. 55 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് ലക്ഷ്യം.