കതിര്‍മണ്ഡപത്തിലേക്ക് ഊഞ്ഞാലില്‍ മാസ് എന്‍ട്രി: 12 അടി ഉയരത്തില്‍ നിന്ന് വീണ് വധൂവരന്മാര്‍

റായ്പൂര്‍: വിവാഹം എന്നും ഓര്‍മ്മിക്കുന്ന നിമിഷമാക്കാനാണ് എല്ലാവരും ശ്രമിയ്ക്കുന്നത്. അതിനായി കഴിവതും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ വധൂ-വരന്‍മാരുടെ എന്‍ട്രി മനോഹരമാക്കുന്നതിനിടെ സംഭവിച്ച അപകടമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നുള്ള നവദമ്പതികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പൂത്തിരികള്‍ കത്തിക്കൊണ്ടിരിക്കുന്ന സ്‌റ്റേജിലേക്ക് ദീര്‍ഘവൃത്താകൃതിയിലുള്ള ഊഞ്ഞാല്‍ പോലെ തോന്നിക്കുന്ന സ്റ്റാന്‍ഡില്‍ ഉയര്‍ന്നുപൊങ്ങുന്നതിനിടെ പൊട്ടി വരനും വധുവും താഴേയ്ക്ക് വീഴുകയായിരുന്നു. പിറകില്‍ ഡാന്‍സര്‍മാര്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.


12 അടി ഉയരത്തില്‍ നിന്ന് വീണ ദമ്പതികളെ രക്ഷിക്കാനായി ബന്ധുക്കളും അതിഥികളും സ്‌റ്റേജിലേക്ക് ഓടി. ഇരുവര്‍ക്കും നിസാര പരിക്കേറ്റു. വിവാഹ വേദി പൂര്‍വസ്ഥിതിയിലാക്കി 30 മിനിറ്റിനുശേഷം വിവാഹ ചടങ്ങുകള്‍ തുടര്‍ന്നു. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവന്റ് മാനേജ്മെന്റ് കമ്പനി ഏറ്റെടുത്തു. മുഹൂര്‍ത്തം അരമണിക്കൂറോളം വൈകിയെങ്കിലും വിവാഹ ചടങ്ങുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version