മുംബൈ : കത്രീന-വിക്കി വിവാഹവാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിടൗണ്‍. വിവാഹവസ്ത്രങ്ങളെപ്പറ്റിയും,വിവാഹച്ചടങ്ങിലെ നിബന്ധനകളെപ്പറ്റിയും എന്ന് വേണ്ട ഇരുവരുടെയും ഹണിമൂണ്‍ ഡെസ്റ്റിനേഷനെപ്പറ്റി വരെയുള്ള ഊഹാപോഹങ്ങളാണെങ്ങും. ഇത്തരം വാര്‍ത്തകളുടെയിടയില്‍ അല്പം സീരിയസായി കാണേണ്ട ഒരു വാര്‍ത്തയും ഉണ്ടായിരിക്കുകയാണ് രാജസ്ഥാനില്‍.
വിക്കിക്കും കത്രീനയ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് രാജസ്ഥാനിലെ ഒരു അഭിഭാഷകന്‍.രാജസ്ഥാനിലെ സവായ് മധോപൂരിലെ ചൗത് കാ ബാര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് വിക്കി-കത്രീന വിവാഹമെന്നാണ് നിഗമനം.വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഹോട്ടലിനടുത്തുള്ള ചൗത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുന്നുവെന്നും ഇത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് പരാതി. ഹോട്ടലിലേക്ക് പോകുന്ന വഴിയിലാണ് ക്ഷേത്രമുള്ളത്.
രാജസ്ഥാനിലെ അഭിഭാഷകനായ നേത്രാബിന്ദ് സിങ് ജദാവൂണ്‍ ആണ് വിക്കി കൗശലിനും കത്രീന കൈഫിനും ഹോട്ടലിനുമെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിവാഹച്ചടങ്ങുകള്‍ നടക്കുന്ന ഡിസംബര്‍ 6 മുതല്‍ 12 വരെ റോഡ് അടച്ചിടുന്ന നടപടിയ്‌ക്കെതിരെയാണ് ഇദ്ദേഹത്തിന്റെ പരാതി. ദിവസേന നൂറ് കണക്കിന് ഭക്തരെത്തുന്ന ക്ഷേത്രം ആറ് ദിവസത്തോളം അടച്ചിട്ട് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും എത്രയും പെട്ടന്ന് ഇതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും നേത്രാബിന്ദ് പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം താരവിവാഹത്തിന് മുന്നോടിയായുള്ള സംഗീത് ഇന്ന് നടക്കുമെന്നാണ് വിവരം. വിവാഹത്തോടനുബന്ധിച്ച് ഇരുവരും രാജസ്ഥാനിലെ ത്രിനേത്ര ഗണപതി ക്ഷേത്രം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post