ഭോപ്പാല്‍ : മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ സാഗര്‍ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ്സ് സിബിഎസ്ഇ സ്കൂളില്‍ ബജ്റങ്ദള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ആക്രമണം. വിദ്യാര്‍ഥികളെ മതം മാറ്റുന്നുവെന്നാരോപിച്ച് നടത്തിയ കല്ലേറില്‍ സ്കൂള്‍ ജനാലച്ചില്ലുകള്‍ തകരുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്.സ്കൂളിന് സമീപമുള്ള എസ്എച്ച് സന്യാസസമൂഹത്തിന്റെ ഭാരത് മാതാ സ്കൂളിന് മുന്നിലും പ്രതിഷേധക്കാര്‍ മുദ്രവാക്യം മുഴക്കി. വൈകിട്ട് സ്കൂള്‍ സന്ദര്‍ശിച്ച കലക്ടറും എസ്പിയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
സിറോ മലബാര്‍ സഭ സാഗര്‍ രൂപതയുടെ കീഴില്‍ മലബാര്‍ മിഷനറി ബ്രദേഴ്സാണ് സെന്റ് ജോസഫ്സ് സ്കൂള്‍ നടത്തുന്നത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോഡ സെന്റ് ജോസഫ് പള്ളിയില്‍ ഒക്ടോബര്‍ 31ന് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടന്നിരുന്നു. ഇതിന്റെ ചിത്രം രൂപതയുടെ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ചിത്രം ഉപയോഗിച്ച് വിദ്യാര്‍ഥികളെ മതംമാറ്റുന്നുവെന്ന തരത്തില്‍ ഒരു പ്രാദേശിക യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നതായി സാഗര്‍ രൂപതാധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ബജ്റങ്ദള്‍ അടക്കമുള്ളവര്‍
പ്രതിഷേധവുമായി എത്തിയത്. ഉച്ചയ്ക്ക് സ്കൂളില്‍ അതിക്രമിച്ച് കയറിയ നൂറോളം പേരെ പോലീസെത്തിയാണ് നീക്കം ചെയ്തത്.
അതേസമയം അക്രമം നടത്തിയിട്ടില്ലെന്നും സമാധാനപരമായ പ്രതിഷേധം മാത്രമാണ് സംഘടിപ്പിച്ചതെന്നും വിശ്വഹിന്ദുപരിഷത്ത് അവകാശപ്പെട്ടു. ഭരണകൂടത്തിന്റെ അനുമതിയോടെയാണ് തങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിക്രമം നടത്തിയതാരാണെന്ന് വ്യക്തമല്ലെന്നും വിശ്വഹിന്ദു പരിഷത്ത് വക്താവ് നിലേഷ് അഗര്‍വാള്‍ അറിയിച്ചു.”സ്കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ കഴിഞ്ഞ ഒരാഴ്ചയായി സ്കൂളിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മതംമാറ്റുകയാണവിടെ.” നിലേഷ് ആരോപിച്ചു.
അതേസമയം ആരോപണങ്ങളെല്ലാം സ്കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി നിഷേധിച്ചിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്കൂളിലെ വിദ്യാര്‍ഥികളല്ലെന്നും സ്കൂളിന്റെ പേരില്‍ പ്രചരിച്ച കത്ത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post