“മുല്ലപ്പെരിയാര്‍ ജലബോംബ്, എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെ ചാകും നമ്മള്‍ വെള്ളം കുടിച്ചും” : എം എം മണി

നെടുങ്കണ്ടം : മുല്ലപ്പെരിയാര്‍ ഡാം ജലബോംബെന്ന് ഉടുമ്പഞ്ചോല എംഎല്‍എയും മുന്‍ മന്ത്രിയുമായ എംഎം മണി. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണെന്നും വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്നും മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വണ്ടിപ്പെരിയാറിന് മുകളില്‍ ബോംബ് പോലെ നില്‍ക്കുകയാണ് ഡാം എന്നും പുതിയ ഡാമല്ലാതെ വേറെ ഇതിനൊരു പരിഹാരവുമില്ലെന്നും അഭിപ്രായപ്പെട്ട എംല്‍എ എത്രയും വേഗം പുതിയ ഡാമിന് ഇരു സര്‍ക്കാരും കൈകോര്‍ക്കണമെന്നും അറിയിച്ചു.

“സാമാന്യ ബുദ്ധിക്ക് ഒന്നാലോചിച്ച് നോക്കിക്കേ. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകം കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയി നോക്കിയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശി എന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ.എന്തെങ്കിലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും നമ്മള്‍ വെള്ളം കുടിച്ചും ചാകും. ”

“വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. അത് വെച്ച് രാഷ്ട്രീയം കളിയ്ക്കുകയാണ് തമിഴ്‌നാട്. പുതിയ ഡാമല്ലാതെ ഇതിന് പരിഹാരമൊന്നുമില്ല. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടുത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്‌നം വേഗത്തില്‍ തീരും. ഇല്ലെങ്കിലത് വലിയ ദുരന്തമായേക്കാം. ഇത് നില്‍ക്കുവോ എന്ന് തുരന്ന് നോക്കാന്‍ പോകുന്നതോളം വിഡ്ഢിത്തം വേറെയില്ല.”

“എത്രയും വേഗം പുതിയ ഡാമിന് രണ്ട് സര്‍ക്കാരും കൈകോര്‍ക്കണം. ഇതിനും നിങ്ങള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയര്‍ത്തണം എന്നാണ്‌ എനിക്ക് തോന്നുന്നത്. വിഷയം ഉയര്‍ത്തുമ്പോള്‍ രണ്ട് സംസ്ഥാനത്തേയും ജനങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യാന്‍.” അദ്ദേഹം പറഞ്ഞു.

Exit mobile version